Last Updated on 07 Oct 2026 • 2:41 PM by Openzone Online

ചെറുതോണി: കട്ടപ്പന നഗരസഭാ കോമ്പൗണ്ടിൽ പ്ലാസ്റ്റിക് കുപ്പികളും മറ്റ് മാലിന്യങ്ങളും ഉപയോഗിച്ച് ഒരുക്കിയ സ്പൈഡർമാൻ ശിൽപം ശ്രദ്ധേയമാകുന്നു. നഗരസഭയിലെ പൊതുജനാരോഗ്യ-പരിസ്ഥിതി പരിപാലന വിഭാഗത്തിന്റെ നേതൃത്വത്തിലാണ് വേസ്റ്റ് ടു ആർട്ട് പദ്ധതിയുടെ ഭാഗമായി ശിൽപം ഒരുക്കിയത്.

നഗരത്തിലെ ബോട്ടിൽ ബൂത്തുകളിൽ നിന്നും മറ്റും ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് കവറുകൾ, പഴയ ഇരുമ്പ് കമ്പികൾ എന്നിവയാണ് ശിൽപത്തിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചത്. മാലിന്യം വലിച്ചെറിയാതെ പുനരുപയോഗിക്കണമെന്ന സന്ദേശമാണ് ഇൻസ്റ്റലേഷനിലൂടെ നൽകുന്നത്.
സ്പൈഡർമാനെ കാണാനെത്തുന്ന കുട്ടികളടക്കമുള്ളവർ ചിത്രങ്ങളും സെൽഫികളും പകർത്തുന്നുണ്ട്. റോഡരികുകളും വിവിധ നിറങ്ങൾ നൽകി നഗരസഭ മനോഹരമാക്കി.
വരും ദിവസങ്ങളിൽ നഗരസഭാ പരിധിയിലെ സ്കൂൾ വിദ്യാർഥികൾക്കായി വേസ്റ്റ് ടു ആർട്ട് ശിൽപശാലയും സംഘടിപ്പിക്കും.
നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് മൈക്കിൾ, സെക്രട്ടറി അജി കെ. തോമസ്, ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി. ജോൺ, ആരോഗ്യ വിഭാഗം ജീവനക്കാർ, ഹരിതകർമ്മസേന അംഗങ്ങൾ, ശുചീകരണ തൊഴിലാളികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

