Last Updated on 20 Nov 2026 • 5:17 AM by Openzone Online

Advertisement

ചെറുതോണി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (KSSPA) ഇടുക്കി സെൻട്രൽ യൂണിറ്റ് സമ്മേളനത്തിൽ എൽഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ പത്തുവർഷത്തെ ഭരണകാലത്തെ പെൻഷൻ നയങ്ങളെ വിമർശിച്ച് റോയി കെ. പൗലോസ് എം.എൽ.എ.

പങ്കാളിത്ത പെൻഷൻ കടലിൽ തള്ളുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ എൽഡിഎഫ് പത്തുവർഷം ഭരിച്ചിട്ടും ഒരു കമ്മിറ്റിയെ നിയോഗിച്ചതല്ലാതെ ഇക്കാര്യത്തിൽ നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്ന കാലഘട്ടത്തിൽ നിലവിലുള്ള പെൻഷൻകാർക്ക് പോലും പെൻഷൻ നൽകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഉമ്മൻചാണ്ടി സർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതി ആരംഭിച്ചത്. എന്നാൽ എൽഡിഎഫ് അധികാരത്തിൽ വന്നാൽ പങ്കാളിത്ത പെൻഷൻ കടലിൽ തള്ളുമെന്നായിരുന്നു പ്രഖ്യാപനം.

പത്തുവർഷം അധികാരത്തിലിരുന്നിട്ടും വാഗ്ദാനം നടപ്പാക്കാൻ കഴിഞ്ഞില്ല. സർവീസിലുള്ള ജീവനക്കാരോടും വിരമിച്ച ജീവനക്കാരോടും ഒരേ സമീപനമാണ് കഴിഞ്ഞ പത്തുവർഷക്കാലം എൽഡിഎഫ് സർക്കാർ സ്വീകരിച്ചതെന്നും റോയി കെ. പൗലോസ് പറഞ്ഞു.

ഇത്തരത്തിൽ ആത്മാർഥതയില്ലാത്ത സമീപനം സ്വീകരിച്ചിട്ടും ചിലർ അന്ധമായ രാഷ്ട്രീയ വിധേയത്വം കാണിച്ച് സർക്കാരിനുവേണ്ടി മുദ്രാവാക്യം മുഴക്കുകയായിരുന്നുവെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ഇടുക്കി സെൻട്രൽ യൂണിറ്റ് സമ്മേളനം കരിമ്പൻ വ്യാപാരഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് ഷീൻ ജോസഫ് അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.എ സംസ്ഥാന കൗൺസിൽ അംഗം കെ.എ. മാത്യു മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി ഇയോബ് പി.എൽ സ്വാഗതം ആശംസിച്ചു. ഡോ. അജിൻ ജോയി, ഡോ. നന്ദിനി എസ് എന്നിവരുടെ മാതാപിതാക്കളെ ചടങ്ങിൽ ആദരിച്ചു.

കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് സി.പി. സലിം, കെ.എസ്.എസ്.പി.എ മുൻ ജില്ലാ പ്രസിഡന്റ് ജോസ് ജോസഫ് അങ്ങാടിയിൽ, ജില്ലാ വൈസ് പ്രസിഡന്റ് സണ്ണി മാത്യു, നിയോജകമണ്ഡലം പ്രസിഡന്റ് പി.ജെ. ജോസഫ്, സെക്രട്ടറി കെ.പി. ജയ്മോൻ, ജില്ലാ കമ്മിറ്റിയംഗം ഡോ. ജേക്കബ് കെ.എം., വനിതാ ഫോറം മരിയാപുരം മണ്ഡലം പ്രസിഡന്റ് ജോളി ജോൺ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റിയംഗം പോൾ എം.എം. നന്ദി പറഞ്ഞു.

കൂടാതെ, പതിനൊന്നാം ശമ്പള പരിഷ്‌കരണം, മെഡിസെപ് പദ്ധതിയിലെ അപാകതകൾ, പെൻഷൻ പരിഷ്‌കരണ കുടിശ്ശിക, ക്ഷാമാശ്വാസ കുടിശ്ശിക എന്നിവ പരിഹരിക്കണമെന്ന ആവശ്യവും സമ്മേളനത്തിൽ ഉന്നയിച്ചു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed