Last Updated on 13 Nov 2026 • 1:06 PM by Openzone Online

ചിന്നക്കനാൽ: വന്യമൃഗശല്യവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മൂലം ഭൂമി ലഭിച്ചിട്ടും കൃഷിയിറക്കാനോ താമസം ആരംഭിക്കാനോ കഴിയാത്ത ചിന്നക്കനാൽ 301 കോളനിയിലെ കുടുംബങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ.
പട്ടയം ലഭിച്ചിട്ടും ഭൂമിയിൽ കൃഷിയോ താമസമോ ആരംഭിക്കാത്ത കുടുംബങ്ങൾ രണ്ടുമാസത്തിനകം തിരിച്ചെത്തിയില്ലെങ്കിൽ പട്ടയം റദ്ദാക്കുന്നത് പരിഗണിക്കുമെന്ന് ജില്ലാ കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു.
ചിന്നക്കനാൽ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഒഴിഞ്ഞുകിടക്കുന്ന ഭൂമി അർഹരായ മറ്റ് കുടുംബങ്ങൾക്ക് കൈമാറുന്നതിനും തീരുമാനമെടുത്തു. കോളനിയുടെ 18 കിലോമീറ്റർ ചുറ്റളവിൽ സോളാർ ഫെൻസിങ് സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് ഒരു മാസത്തിനകം തയ്യാറാക്കും. കൂട്ടമായി വീടുകൾ നിർമിക്കുന്നതിനും റോഡ്, വൈദ്യുതി, ശുദ്ധജലം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും നടപടിയുണ്ടാകും.

പൊതുആവശ്യത്തിനായി നീക്കിവച്ച ഭൂമിയിൽ നഴ്സറി, കമ്മ്യൂണിറ്റി ഹാൾ, പ്രൈമറി സ്കൂൾ എന്നിവ സ്ഥാപിക്കുന്നതും പരിഗണിക്കും.കരം അടവ് തടസ്സപ്പെട്ട ഭൂമിയിൽ കരം സ്വീകരിക്കുന്നത് പുനഃസ്ഥാപിക്കാനും പട്ടയം ലഭിച്ചിട്ടും ഭൂമി ലഭിക്കാത്തവരുടെ പരാതികളിൽ ഒരു മാസത്തിനകം തീരുമാനമെടുക്കാനും നിർദേശം നൽകി. കുടുംബങ്ങളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് പ്രാഥമിക സഹകരണ സംഘവും രൂപീകരിക്കും.
പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിച്ച ഊരുകൂട്ടത്തിൽ ഉയർന്ന പരാതികൾ പരിഗണിച്ചാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. പ്രഖ്യാപിച്ച തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതാണ് ഇനി നിർണായകം.

