Last Updated on 11 Nov 2026 • 12:50 AM by Openzone Online

Advertisement

ചെറുതോണി: ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി.കെ.ടി.എഫ്) ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 12ന് വെള്ളാപ്പാറ ഫോറസ്റ്റ് ഡോർമിറ്ററിയിൽ ജില്ലാ പഠനക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഡി.കെ.ടി.എഫ് ജില്ലാ പ്രസിഡന്റ് അനിൽ ആനയ്ക്കനാട്ട് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

കോൺഗ്രസിന്റെ പ്രധാന പോഷക സംഘടനകളിലൊന്നായ ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ കർഷക തൊഴിലാളികളെ ക്ഷേമനിധി ബോർഡിൽ അംഗങ്ങളാക്കുന്നതിനും അർഹമായ ആനുകൂല്യങ്ങൾ സർക്കാരിൽനിന്ന് ലഭ്യമാക്കുന്നതിനുമാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. നിലവിൽ കർഷക തൊഴിലാളികൾ വലിയ അവഗണന നേരിടുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ഇതിന് മാറ്റം വരുത്താൻ സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.

ജില്ലയിലെ 52 മണ്ഡലം പ്രസിഡന്റുമാർ, നിയോജകമണ്ഡലം ഭാരവാഹികൾ, ജില്ലാ ഭാരവാഹികൾ എന്നിവരടക്കമുള്ള പ്രതിനിധികൾ പഠനക്യാമ്പിൽ പങ്കെടുക്കും. രാവിലെ ഒൻപതിന് രജിസ്ട്രേഷൻ ആരംഭിക്കും. 9.30ന് പതാക ഉയർത്തുന്നതോടെ ക്യാമ്പിന് തുടക്കമാകും.

ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് യു.വി. ദിനേശ്മണി പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു സർട്ടിഫിക്കറ്റ് വിതരണം നടത്തും. എം.എൽ.എമാരായ റോയി കെ. പൗലോസ്, അഡ്വ. സേനാപതി വേണു, അഡ്വ. സിറിയക് തോമസ്, എഫ്. രാജ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ക്ഷേമനിധി ഓഫീസർ റോയി അലക്സ് ക്ലാസെടുക്കും. ജില്ലയിലെ വിവിധ കോൺഗ്രസ് നേതാക്കളും ക്യാമ്പിൽ ആശംസകൾ അറിയിക്കും.

പഠനക്യാമ്പിന് ശേഷം വൈകിട്ട് നാലിന് ചെറുതോണി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽനിന്ന് പ്രകടനം ആരംഭിച്ച് സെൻട്രൽ ജംഗ്ഷനിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. ഡി.കെ.ടി.എഫിന്റെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. ജോയി തോമസ്, എ.പി. ഉസ്മാൻ, എം.കെ. പുരുഷോത്തമൻ തുടങ്ങിയ നേതാക്കളും സംസാരിക്കും.

വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് അനിൽ ആനയ്ക്കനാട്ടിനൊപ്പം സംഘാടകസമിതി ഭാരവാഹികളായ പി.ഡി. ജോസഫ്, സി.പി. സലിം, മുജീബ് റഹ്മാൻ എന്നിവരും പങ്കെടുത്തു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed