Last Updated on 09 Nov 2026 • 12:25 PM by Openzone Online

Advertisement

ചെറുതോണി : കഞ്ഞിക്കുഴിയിൽ ആലപ്പുഴ–മധുര സംസ്ഥാനപാതയുടെ നവീകരണ പ്രവർത്തനങ്ങൾ വാഹനയാത്രക്കാർക്ക് ദുരിതമാകുന്നതായി പരാതി. റോഡരികിലെ ഓടയ്ക്കുള്ളിലും റോഡിലേക്ക് ഇറങ്ങിയും വൈദ്യുതി പോസ്റ്റുകൾ സ്ഥാപിച്ചിരിക്കുന്നതാണ് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടും അപകടഭീഷണിയും സൃഷ്ടിക്കുന്നത്.

റോഡ് നവീകരണത്തിലെ ഇത്തരം ക്രമക്കേടുകൾക്കെതിരെ നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. റോഡുവക്കിലെ ഓട നിർമ്മാണത്തിലും വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിലും അപാകതകളുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.

ഓടയ്ക്കുള്ളിൽ ഇരുമ്പ് വൈദ്യുതി തൂണുകൾ നിലനിർത്തിക്കൊണ്ടാണ് ചിലയിടങ്ങളിൽ നിർമ്മാണം പുരോഗമിക്കുന്നത്. അതേസമയം, റോഡിലേക്ക് ഇറങ്ങിനിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിനും തടസ്സമാകുന്നു.

വീതികുറഞ്ഞ ഭാഗങ്ങളിൽ വലിയ വാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുമ്പോൾ അപകടസാധ്യതയും വർധിക്കുന്നു. ഓടയോട് ചേർന്നുനിൽക്കുന്ന ചില വൈദ്യുതി തൂണുകൾ മാറ്റിയിട്ടുണ്ടെങ്കിലും പലതും ഇപ്പോഴും പഴയ സ്ഥാനത്ത് തുടരുകയാണ്. തൂണുകൾ മാറ്റി സ്ഥാപിക്കാൻ ആവശ്യമായ സ്ഥലസൗകര്യമില്ലെന്നാണ് അധികൃതരുടെ വാദം.

എന്നാൽ, റോഡിന്റെ മറുവശത്ത് അനുയോജ്യമായ സ്ഥലം കണ്ടെത്തി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ കഴിയുമെന്നിരിക്കെ ഇക്കാര്യത്തിൽ വൈദ്യുതി ബോർഡ് വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ഇരുമ്പ് വൈദ്യുതി തൂണുകൾ ഓടയ്ക്കുള്ളിൽ നിലനിർത്തി നിർമ്മാണം പൂർത്തിയാക്കുന്നത് ഭാവിയിൽ കൂടുതൽ അപകടങ്ങൾക്ക് വഴിവെക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

വൈദ്യുതി തൂണുകൾക്ക് തകരാർ സംഭവിച്ച് വൈദ്യുതി ചോർച്ചയുണ്ടായാൽ ഓടയിലെ വെള്ളത്തിലൂടെയും സമീപപ്രദേശങ്ങളിലേക്കും വൈദ്യുതി പ്രവഹിക്കാനുള്ള സാധ്യതയുണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള ചെലവിനായി പൊതുമരാമത്ത് വകുപ്പ് ആവശ്യമായ തുക അടച്ചിട്ടില്ലെന്നാണ് വൈദ്യുതി വകുപ്പിന്റെ വാദം. ഇരു വകുപ്പുകളും തമ്മിലുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കപ്പെടാത്തത് നിർമ്മാണ പ്രവർത്തനങ്ങളെയും ബാധിക്കുകയാണ്.

സുരക്ഷിതമല്ലാത്ത നിർമ്മാണത്തെ ചോദ്യം ചെയ്ത പൊതുപ്രവർത്തകർക്കെതിരെ കരാറുകാരോടൊപ്പം ചേർന്ന ചിലർ വ്യക്തിപരമായ ആക്ഷേപങ്ങൾ ഉന്നയിച്ചതായും പരാതിയുണ്ട്. വാഹനയാത്രക്കാർക്ക് അപകടഭീഷണിയുയർത്തുന്ന രീതിയിൽ ഓടയ്ക്കുള്ളിലും റോഡിലേക്ക് ഇറങ്ങിയും നിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്നും റോഡ് നവീകരണവും ഓട നിർമ്മാണവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പും വൈദ്യുതി ബോർഡും ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *