Last Updated on 06 Nov 2026 • 2:54 PM by Openzone Online

മുണ്ടക്കയം ഈസ്റ്റ്: തുടർച്ചയായി 32 മണിക്കൂർ മെഡിക്കൽ ക്ലാസ്! അതും ഉറക്കമില്ലാതെ, ഇടവേളകൾ പരമാവധി പ്രയോജനപ്പെടുത്തി. ഗിന്നസ് ലോക റെക്കോർഡ് ലക്ഷ്യമിട്ട് മുണ്ടക്കയം എം.എം.ടി. ആശുപത്രിയിൽ കാഞ്ഞിരപ്പള്ളി സ്വദേശി ഡോ. മാത്യു പി. തോമസ് നടത്തിയ ഈ ഉദ്യമം ഇപ്പോൾ കൗതുകവും ചർച്ചയുമാകുകയാണ്.
നിലവിലുണ്ടായിരുന്ന 30 മണിക്കൂർ നീണ്ടുനിന്ന മെഡിക്കൽ ക്ലാസ് എന്ന റെക്കോർഡ് പിന്നിട്ടിട്ടും അദ്ദേഹം ക്ലാസ് അവസാനിപ്പിച്ചില്ല. ലക്ഷ്യമിട്ട 32 മണിക്കൂറും പൂർത്തിയാക്കിയാണ് ഡോക്ടർ മടങ്ങിയത്.ഈ നേട്ടത്തിനായി ഒരു വർഷത്തോളമായി ഡോ. മാത്യു പി. തോമസ് പരിശീലനം നടത്തിവരികയായിരുന്നു.
നവംബർ 5-ന് രാവിലെ 10.30-ന് ആരംഭിച്ച ക്ലാസ് നവംബർ 6 വരെ തുടർന്നു. എം.എം.ടി. നഴ്സിംഗ് കോളേജിലെ വിദ്യാർഥികൾക്കായാണ് പ്രധാനമായും അദ്ദേഹം ക്ലാസ് നയിച്ചത്. ഓർത്തോപീഡിക്സ് വിഭാഗവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളായിരുന്നു തുടർച്ചയായ പ്രഭാഷണത്തിലെ പ്രധാന ഉള്ളടക്കം. 101 നഴ്സിംഗ് വിദ്യാർഥികളും മെഡിക്കൽ പ്രൊഫഷണലുകളും തുടർ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഭാഗമായി പരിപാടിയിൽ പങ്കെടുത്തു.

32 മണിക്കൂർ നീണ്ട ഈ ക്ലാസിലെ ഏറ്റവും കൗതുകകരമായ കാര്യം വിശ്രമത്തിനായി അനുവദിച്ചിരുന്ന സമയക്രമമാണ്. ഓരോ മണിക്കൂറിലും അഞ്ച് മിനിറ്റ് വീതം വിശ്രമിക്കാൻ അവസരമുണ്ടായിരുന്നു. എന്നാൽ മൂന്ന് മണിക്കൂർ കഴിയുമ്പോൾ ഈ സമയങ്ങൾ ഒരുമിച്ച് ഉപയോഗിച്ച് 15 മിനിറ്റ് വിശ്രമിക്കുകയായിരുന്നു ഡോക്ടർ ചെയ്തിരുന്നത്. ഭക്ഷണം കഴിക്കുക, ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക, ടോയ്ലറ്റ് ആവശ്യങ്ങൾ നിർവഹിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ഈ പരിമിതമായ സമയത്തിനുള്ളിൽ തന്നെ പൂർത്തിയാക്കണമായിരുന്നു.
ഈ ചെറിയ ഇടവേളകൾ ഒഴികെ 32 മണിക്കൂറും അദ്ദേഹം ഉറങ്ങിയില്ല. ഏകദേശം 31 മണിക്കൂർ പിന്നിട്ടപ്പോഴാണ് ശബ്ദത്തിൽ ചെറിയ മാറ്റങ്ങളും ഇടർച്ചകളും അനുഭവപ്പെട്ടത്. എന്നിട്ടും ക്ഷീണത്തെ അതിജീവിച്ച് പ്രഭാഷണം തുടർന്നു. 30 മണിക്കൂർ പിന്നിട്ടതോടെ നിലവിലുണ്ടായിരുന്ന റെക്കോർഡ് സമയത്തെ മറികടന്നിരുന്നു. എന്നാൽ അവിടെ അവസാനിപ്പിക്കാൻ ഡോക്ടർ തയ്യാറായില്ല. ലക്ഷ്യമിട്ട 32 മണിക്കൂറും പൂർത്തിയാക്കുകയായിരുന്നു.
ക്ലാസിന്റെ മറ്റൊരു പ്രത്യേകത വിദ്യാർഥികളും നിരീക്ഷകരും മാറിക്കൊണ്ടിരുന്നപ്പോഴും ഡോക്ടർ മാത്രം തുടർച്ചയായി ക്ലാസ് നയിച്ചു എന്നതാണ്. ഓരോ നാല് മണിക്കൂർ ഇടവേളയിലും സാക്ഷികളായി ഉണ്ടായിരുന്നവരെ മാറ്റിയിരുന്നു. വിദ്യാർഥികളും മാറിമാറി ക്ലാസിൽ പങ്കെടുത്തു. എന്നാൽ പ്രഭാഷണം ആരംഭിച്ച ഡോക്ടർ 32 മണിക്കൂർ പൂർത്തിയാകുന്നതുവരെ വേദിയിൽ തുടർന്നു.നിലവിൽ 30 മണിക്കൂർ നീണ്ടുനിന്ന മെഡിക്കൽ ക്ലാസിനാണ് ഗിന്നസ് റെക്കോർഡ് എന്നാണ് സംഘാടകർ വ്യക്തമാക്കുന്നത്.
2019 നവംബർ 16, 17 തീയതികളിൽ അമേരിക്കയിലെ ഫ്ലോറിഡയിൽ ജോൺ ബിയലിൻസ്കി ജൂനിയറാണ് ഈ നേട്ടം കൈവരിച്ചത്. ഈ റെക്കോർഡ് മറികടക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഡോ. മാത്യു പി. തോമസിന്റെ ഉദ്യമം. എന്നാൽ 32 മണിക്കൂർ പൂർത്തിയാക്കിയതോടെ ഗിന്നസ് റെക്കോർഡ് ഔദ്യോഗികമായി ലഭിച്ചു എന്ന് കരുതാനാകില്ല.
ഉദ്യമത്തിന്റെ മുഴുവൻ രേഖകളും തെളിവുകളും പരിശോധിച്ചശേഷമാണ് ഗിന്നസ് അധികൃതരുടെ അന്തിമ തീരുമാനം ഉണ്ടാകുക. ഏകദേശം മൂന്ന് മാസത്തിന് ശേഷമായിരിക്കും ഇതുസംബന്ധിച്ച ഔദ്യോഗിക വിവരം ലഭിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പോഴായിരിക്കും ഡോക്ടറുടെ 32 മണിക്കൂർ പ്രയത്നം ലോക റെക്കോർഡായി അംഗീകരിച്ചിട്ടുണ്ടോ എന്നറിയാൻ കഴിയുക.
പീരുമേട് എം.എൽ.എ അഡ്വ. സിറിയക് തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി. തോമസ്, എം.എം.ടി. ഡയറക്ടർ ഫാ. സോജി തോമസ് കണ്ണാലിൽ, സെക്രട്ടറി ആൽബിൻ ജെയിംസ് ജോസഫ്, നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ സീന, വൈസ് പ്രിൻസിപ്പൽ സി. എയ്ഞ്ചൽ, ജനറൽ മാനേജർ മാത്യു തോമസ്, പി.ആർ.ഒ. ജിജോ തോമസ് എന്നിവർ നേതൃത്വം നൽകി.ഗിന്നസ് മുഖ്യനിരീക്ഷകൻ ഗിന്നസ് സുനിൽ ജോസഫ്, ഗിന്നസ് ലതാ പ്രസാദ് എന്നിവർ റെക്കോർഡ് ഉദ്യമത്തിന്റെ നിരീക്ഷണത്തിനും ഏകോപനത്തിനും നേതൃത്വം നൽകി.
അനീഷ് സെബാസ്റ്റ്യൻ, ജിബിൻ ജെയിംസ് എന്നിവരും പ്രവർത്തനങ്ങളിൽ പങ്കാളികളായി.ഒരു വർഷത്തെ പരിശീലനം, ഉറക്കമില്ലാത്ത 32 മണിക്കൂർ, പരിമിതമായ വിശ്രമം, 30 മണിക്കൂർ പിന്നിട്ടിട്ടും പിന്മാറാത്ത മനക്കരുത്ത്. ഡോ. മാത്യു പി. തോമസിന്റെ ഈ മെഡിക്കൽ ക്ലാസ് ഉദ്യമത്തിന് ഇനി ഗിന്നസിന്റെ ഔദ്യോഗിക അംഗീകാരത്തിനായുള്ള കാത്തിരിപ്പാണ്.

