Last Updated on 25 Nov 2026 • 1:12 AM by Openzone Online

ചിന്നക്കനാലിൽ ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള മിഷൻ ചക്കക്കൊമ്പൻ ദൗത്യം സജീവമായി. നിലവിൽ ചക്കക്കൊമ്പൻ 301 കോളനി മേഖലയിലുണ്ട്.
ദൗത്യത്തിനായി ക്യാമ്പിൽനിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പല സംഘങ്ങളായി തിരിഞ്ഞ് വിവിധ മേഖലകളിലേക്ക് നീങ്ങി. വയനാട് മുത്തങ്ങയിൽനിന്ന് എത്തിച്ച കുങ്കിയാനകളായ വിക്രമും ഭരതും 301 കോളനി മേഖലയിലേക്ക് നീങ്ങിയിട്ടുണ്ട്.

ചക്കക്കൊമ്പന്റെ നീക്കങ്ങൾ നിരീക്ഷിച്ച് അനുയോജ്യമായ സ്ഥലത്ത് മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനാണ് നീക്കം. ദൗത്യത്തിന്റെ ഭാഗമായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
പൊതുജനങ്ങളുടെ സഞ്ചാരത്തിനും പ്രവേശനത്തിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ചക്കക്കൊമ്പനെ കണ്ടെത്തി സുരക്ഷിതമായി ദൗത്യം പൂർത്തിയാക്കാനുള്ള നിർണായക നീക്കത്തിലാണ് വനംവകുപ്പ്.

