Last Updated on 25 Nov 2026 • 8:44 AM by Openzone Online

അഭിജിത്ത് മുരളീധരൻ
തടിയമ്പാട് : ജില്ലാ ആസ്ഥാന മേഖലയിലെ വിവിധ പ്രദേശങ്ങളിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകൾ പൊട്ടി ദിവസങ്ങളായി വെള്ളം പാഴാകുന്നു. മാധ്യമങ്ങളിൽ നിരവധി തവണ വാർത്തകൾ വന്നിട്ടും തകരാറുകൾ പരിഹരിക്കാൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരോ ബന്ധപ്പെട്ട കരാറുകാരോ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
തടിയമ്പാട് ടൗണിൽ പൈപ്പ് പൊട്ടി കുടിവെള്ളം ഒഴുകാൻ തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടു. പാറേമാവ് കൊലുമ്പൻ കോളനി ഭാഗത്ത് പൈപ്പ് പൊട്ടിയിട്ട് ഒരു വർഷത്തോളമായിട്ടും അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയ്യാറായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന വാഴത്തോപ്പ് മേഖലയിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പുകളാണ് കോളനിയുടെ വിവിധ ഭാഗങ്ങളിൽ പൊട്ടി ജലം നഷ്ടപ്പെടുത്തുന്നത്. ചെട്ടുംമാട്ടേൽ കവല ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും പൈപ്പ് പൊട്ടി വലിയതോതിൽ വെള്ളം ഒഴുകിപ്പോകുന്നുണ്ട്.

.(ജില്ലാ ആസ്ഥാനം മേഖലയിൽ പലസ്ഥലങ്ങളിലായി വാട്ടർ അതോറിറ്റിയുടെ വെള്ളം പൈപ്പ് പൊട്ടി പാഴാകുന്നു)
കാലപ്പഴക്കം മൂലം പൈപ്പുകൾ തുരുമ്പെടുത്ത് ദ്രവിച്ച അവസ്ഥയിലായതാണ് പലയിടങ്ങളിലും പൊട്ടലുകൾ ഉണ്ടാകാൻ പ്രധാന കാരണമെന്നാണ് വിലയിരുത്തൽ. താൽക്കാലിക അറ്റകുറ്റപ്പണികൾക്കപ്പുറം കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റിസ്ഥാപിക്കേണ്ട സാഹചര്യവുമുണ്ട്.
വേനൽ കടുക്കുന്നതോടെ കുടിവെള്ളക്ഷാമം കൂടുതൽ രൂക്ഷമാകാനിരിക്കെയാണ് മറുവശത്ത് പൈപ്പ് പൊട്ടിയൊഴുകി വിലപ്പെട്ട കുടിവെള്ളം നഷ്ടമാകുന്നത്. ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്ക് ആവശ്യത്തിന് വെള്ളമെത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ലഭ്യമായ വെള്ളം പോലും ഇത്തരത്തിൽ പാഴാകുന്നത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.

(തടിയമ്പാട് ടൗണിൽ റോഡിൻറെ അടിയിൽ നിന്നും പൈപ്പ് പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകുന്നു)
ഒരേ വിഷയത്തിൽ പലതവണ പരാതി ഉയർന്നിട്ടും പരിഹാരമുണ്ടാകാത്തത് വാട്ടർ അതോറിറ്റിയുടെ പ്രവർത്തനങ്ങളോടുള്ള ജനങ്ങളുടെ അതൃപ്തി വർധിപ്പിക്കുകയാണ്. പൈപ്പ് പൊട്ടലുകൾ അടിയന്തരമായി പരിഹരിക്കുന്നതിനൊപ്പം കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റിസ്ഥാപിക്കാനും അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

