Last Updated on 03 Nov 2026 • 4:47 AM by Openzone Online

Advertisement

വണ്ടിപ്പെരിയാർ :മണ്ഡലകാലം ആരംഭിച്ചതോടെ കുമളി, വണ്ടിപ്പെരിയാർ മേഖലകളിൽ പാർക്കിങ് പ്രതിസന്ധി രൂക്ഷമാകാനിരിക്കെ സത്രത്തിലെ ദേവസ്വം ബോർഡിന്റെ 20 ഏക്കറോളം ഭൂമി പ്രയോജനപ്പെടുത്താതെ കിടക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ശബരിമല തീർഥാടകർക്ക് പാർക്കിങ് സൗകര്യവും വിരിവയ്ക്കാനുള്ള ഇടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാൻ ഈ ഭൂമി ഉപയോഗപ്പെടുത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ശബരിമല തീർഥാടകർ പ്രധാന ഇടത്താവളമായി ഉപയോഗിക്കുന്ന സത്രത്തിൽ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. വാഹന പാർക്കിങ്, വിരിവയ്ക്കാനുള്ള സൗകര്യം, ശുചിമുറികൾ, ഹോട്ടലുകൾ, വ്യാപാരശാലകൾ എന്നിവ സ്ഥാപിച്ചാൽ തീർഥാടകരുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനൊപ്പം ദേവസ്വം ബോർഡിന് വരുമാനവും ലഭിക്കുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഭൂമി ഉപയോഗിക്കാതെ കിടക്കുന്നതിനാൽ കാടുകയറി നശിക്കുന്നതിനൊപ്പം സ്വകാര്യ വ്യക്തികൾ കൈയേറാനുള്ള സാധ്യതയും നിലനിൽക്കുന്നതായി ഇവർ പറയുന്നു.സത്രത്തിലേക്ക് എത്തുന്ന തീർഥാടകരുടെ വാഹനങ്ങൾ നിലവിൽ വാളാർഡിയിൽ തടഞ്ഞുനിർത്തി അവിടെ പാർക്ക് ചെയ്യിക്കുകയാണ് ചെയ്യുന്നത്.

ഇത് ശബരിമല സീസണിൽ കൊട്ടാരക്കര–ദിണ്ടുക്കൽ ദേശീയപാതയിലെ വണ്ടിപ്പെരിയാർ, വാളാർഡി മേഖലകളിൽ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. വാളാർഡിയിൽ വാഹന പാർക്കിങ്ങിനായി ടിക്കറ്റ് കൗണ്ടർ ആരംഭിക്കാനുള്ള നീക്കത്തിനെതിരെ സത്രം ക്ഷേത്ര സമിതിയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.സത്രത്തിൽനിന്ന് ഏകദേശം 12 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാൽ സന്നിധാനത്തെത്താമെന്നതിനാൽ മറ്റ് സംസ്ഥാനങ്ങളിൽനിന്നും കേരളത്തിന്റെ വടക്കൻ ജില്ലകളിൽനിന്നും ഉൾപ്പെടെ നിരവധി തീർഥാടകരാണ് ഈ പാത തിരഞ്ഞെടുക്കുന്നത്.

സത്രത്തിലെത്തി വിരിവച്ച് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള തീർഥാടകർ മലകയറുന്നത്.സത്രത്തിലെ ദേവസ്വം ഭൂമി വൃത്തിയാക്കി പാർക്കിങ് ഗ്രൗണ്ടും തീർഥാടകർക്കാവശ്യമായ മറ്റ് സൗകര്യങ്ങളും ഒരുക്കാൻ ബോർഡ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇതുസംബന്ധിച്ച് ദേവസ്വം ബോർഡ് അധികൃതർക്ക് അപേക്ഷ നൽകിയതായും നാട്ടുകാർ അറിയിച്ചു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *