Last Updated on 02 Nov 2026 • 3:50 PM by Openzone Online

Advertisement

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്തിയ സംഭവത്തിലും സ്വർണം കവർച്ച ചെയ്യാനുള്ള ശ്രമത്തിലും ഇടുക്കി സ്വദേശിനിയടക്കം നാലുപേർ പിടിയിലായി. ബഹ്റൈനിൽ നിന്നെത്തിയ ഇടുക്കി വണ്ടൻമേട് സ്വദേശിനി അഭിരാമി ബാഗ്യരാജ് (27), സ്വർണം ഏറ്റുവാങ്ങാനെത്തിയ എറണാകുളം സ്വദേശി ഹർഷൽ (40), കവർച്ചാസംഘത്തിലെ നാദാപുരം കല്ലാച്ചി സ്വദേശികളായ ബബിലേഷ് (40), സയന്ത് (28) എന്നിവരാണ് പിടിയിലായത്.

തിങ്കളാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു കരിപ്പൂർ വിമാനത്താവളത്തിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിമാനത്താവളത്തിലെ ആഗമന ടെർമിനലിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട സംഘത്തെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു.

ഇതിനിടെ വിദേശത്തുനിന്നെത്തിയ അഭിരാമിയെ ഒരു സംഘം ആളുകൾ പിന്തുടരുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.വിമാനത്താവളത്തിന് പുറത്ത് അഭിരാമിയെ സ്വീകരിക്കാനെത്തിയ ഹർഷലിനൊപ്പം പാർക്കിങ് ഏരിയയിലേക്ക് നടന്നുപോകുന്നതിനിടെ അക്രമിസംഘം ഇവരെ തടഞ്ഞുനിർത്തി.

അഭിരാമിയുടെ കൈവശമുണ്ടായിരുന്ന ട്രോളി ബാഗ് ബലമായി പിടിച്ചുവാങ്ങാൻ ശ്രമിച്ചതോടെ ഹർഷലും അക്രമിസംഘവും തമ്മിൽ സംഘർഷമുണ്ടായി. വിവരമറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അക്രമികളെ കീഴ്പ്പെടുത്താൻ ശ്രമിച്ചു.ഇതിനിടെ സംഘത്തിലൊരാൾ വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുരളീകൃഷ്ണൻ എന്ന ഹോം ഗാർഡിനെ ആക്രമിക്കുകയും കൈയിൽ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. മറ്റൊരു സംഘം ഇന്നോവ കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് സ്പെഷ്യൽ സ്ക്വാഡ് ഉദ്യോഗസ്ഥനെ വാഹനം ഇടിച്ച് അപായപ്പെടുത്താനും ശ്രമിച്ചു. ഉദ്യോഗസ്ഥൻ റോഡരികിലേക്ക് ചാടിമാറിയതിനാലാണ് രക്ഷപ്പെട്ടത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കവർച്ചാസംഘത്തിലെ നാദാപുരം കല്ലാച്ചി സ്വദേശികളായ ബബിലേഷും സയന്തും പിടിയിലായത്. ഇന്നോവയിലും മാരുതി സ്വിഫ്റ്റ് കാറിലുമായി പത്തോളം പേരടങ്ങുന്ന സംഘമാണ് വിമാനത്താവളത്തിലെത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. അഭിരാമിയെ തട്ടിക്കൊണ്ടുപോയി കൈവശമുള്ള സ്വർണം കവർച്ച ചെയ്യുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.

അഭിരാമിയുടെ ലഗേജ് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. എമർജൻസി ലാമ്പിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 14 സ്വർണപ്പാളികളാണ് ഉണ്ടായിരുന്നത്. ഇവയുടെ ആകെ തൂക്കം 817 ഗ്രാമാണ്. വിപണിയിൽ ഒരു കോടി പത്ത് ലക്ഷത്തിലധികം രൂപ വിലവരുന്ന സ്വർണമാണിത്. സ്വർണം താമരശ്ശേരി സ്വദേശിയായ സ്വാലിഹ് എന്നയാളാണ് നൽകിയതെന്നാണ് അഭിരാമിയുടെ മൊഴി.

സ്വർണം ഏറ്റുവാങ്ങാനെത്തിയ ഹർഷലിൽ നിന്ന് അഭിരാമിക്ക് കമ്മീഷനായി നൽകാനായി കരുതിയിരുന്ന 67,000 രൂപയും ഇയാൾ സഞ്ചരിച്ചിരുന്ന മാരുതി ആൾട്ടോ കാറും പൊലീസ് പിടിച്ചെടുത്തു.

പിടിച്ചെടുത്ത സ്വർണം തുടർനടപടികൾക്കായി കസ്റ്റംസ് വകുപ്പിന് കൈമാറും. അഭിരാമിയെയും ഹർഷലിനെയും സ്വർണവും പണവും സഹിതം കസ്റ്റംസിന് കൈമാറുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. അറസ്റ്റിലായ ബബിലേഷും സയന്തും സമാനമായ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നതടക്കം അന്വേഷിച്ചുവരികയാണ്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed