Last Updated on 27 Oct 2026 • 8:27 AM by Openzone Online

Advertisement

(ചെറുതോണി – ആലിൻ ചുവട് റോഡ് …. പദ്ധതി പൂർത്തിയായാൽ ഇങ്ങനെ)

(ചെറുതോണി ആലിൻ ചുവട് റോഡ് നിലവിൽ ഇങ്ങനെ)

ചെറുതോണി: ജില്ലാ ആസ്ഥാനമായ ചെറുതോണിയിൽ ചെറുതോണി പാലം മുതൽ ഇടുക്കി ആലിൻചുവട് വരെയുള്ള റോഡിനോട് ചേർന്ന് മനോഹരമായ നടപ്പാതയും പൂന്തോട്ടങ്ങളും ഇരിപ്പിടങ്ങളും ആധുനിക ലൈറ്റിംഗ് സംവിധാനങ്ങളും ഒരുക്കണമെന്ന നാട്ടുകാരുടെയും വ്യാപാരികളുടെയും കാലങ്ങളായുള്ള ആവശ്യം ഇനിയും യാഥാർഥ്യമായില്ല.

എറണാകുളം മറൈൻ ഡ്രൈവിന്റെ മാതൃകയിൽ പ്രദേശത്തെ മനോഹരമായ പൊതുഇടമാക്കി മാറ്റാൻ കഴിയുന്ന സാഹചര്യമുണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികളുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. നല്ല വീതിയുള്ള റോഡും റോഡിനോട് ചേർന്ന് പുറമ്പോക്കായി കിടക്കുന്ന സ്ഥലവും ഈ പദ്ധതിക്ക് അനുകൂലമായ ഘടകങ്ങളാണ്.

ചെറുതോണി പുഴയുടെ തീരത്തുകൂടിയുള്ള ഈ ഭാഗത്ത് കാൽനടയാത്രക്കാർക്കായി സുരക്ഷിതമായ വാക്ക് വേ, വഴിയരികിൽ ചാരുബെഞ്ചുകൾ, അലങ്കാരവിളക്കുകൾ, പൂന്തോട്ടങ്ങൾ എന്നിവ ഒരുക്കിയാൽ ചെറുതോണിയുടെ മുഖച്ഛായ തന്നെ മാറ്റാൻ കഴിയുമെന്നാണ് വ്യാപാരികളും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നത്.

പ്രദേശത്തിന്റെ സൗന്ദര്യവൽക്കരണത്തിലൂടെ പൊതുജനങ്ങൾക്ക് വിശ്രമിക്കാനും സമയം ചെലവഴിക്കാനും കഴിയുന്ന ഇടം സൃഷ്ടിക്കുന്നതിനൊപ്പം വ്യാപാരമേഖലയ്ക്കും ഉണർവേകാൻ സാധിക്കും. 2018-ൽ ഇടുക്കി അണക്കെട്ട് തുറന്നുവിട്ടതിനെത്തുടർന്ന് റോഡിന്റെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങളുണ്ടാവുകയും മണ്ണൊലിപ്പ് സംഭവിക്കുകയും ചെയ്തിരുന്നു. തുടർന്ന് ജോയ്സ് ജോർജ് എം.പി. റോഡ് വീതികൂട്ടി പുനർനിർമിച്ചു.

റോഡ് വികസനത്തോടൊപ്പം ഭാവിയിൽ ഇവിടെ മനോഹരമായ നടപ്പാതയും അനുബന്ധ സൗകര്യങ്ങളും ഒരുക്കാനുള്ള സാധ്യതയും അന്ന് പരിഗണിച്ചിരുന്നതായാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ എട്ടുവർഷം പിന്നിട്ടിട്ടും അത്തരമൊരു പദ്ധതി യാഥാർഥ്യമായിട്ടില്ല. അതേസമയം, ജില്ലാ ആസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ നിർമാണപ്രവർത്തനങ്ങൾ നടക്കുമ്പോൾ അവിടെനിന്നുള്ള മണ്ണും പാറക്കഷണങ്ങളും മറ്റ് നിർമാണാവശിഷ്ടങ്ങളും ഈ ഭാഗത്ത് കൊണ്ടുവന്ന് തള്ളുന്നതായും ആക്ഷേപമുണ്ട്.

പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്ന വിനോദ-വിശ്രമ കേന്ദ്രമായി മാറ്റാൻ കഴിയുന്ന പ്രദേശം നിർമാണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്ന ഇടമായി മാറുന്നത് വികസനസങ്കൽപ്പങ്ങൾക്ക് വിരുദ്ധമാണെന്നാണ് നാട്ടുകാരുടെ അഭിപ്രായം.ഈ ആവശ്യം എം.പി. ഡീൻ കുര്യാക്കോസിന്റെ മുന്നിലും പ്രദേശത്തെ വ്യാപാരികൾ നേരത്തേ ഉന്നയിച്ചിട്ടുണ്ട്.

ചെറുതോണി പുഴയുടെ തീരത്തുള്ള ഈ പ്രദേശത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി സമഗ്രമായ സൗന്ദര്യവൽക്കരണ പദ്ധതി നടപ്പാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. റോഡിനോട് ചേർന്നുള്ള സ്ഥലത്തിന്റെ ലഭ്യതയും പ്രകൃതിഭംഗിയും കണക്കിലെടുത്ത് ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെടണമെന്നും നിർമാണാവശിഷ്ടങ്ങൾ തള്ളുന്നത് ഒഴിവാക്കി വാക്ക് വേ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

ജില്ലാ ആസ്ഥാനത്തിന്റെ വികസനത്തിനും നഗരസൗന്ദര്യവൽക്കരണത്തിനും വലിയ സാധ്യതയുള്ള ഈ പ്രദേശം എത്രകാലം കൂടി അവഗണനയിൽ തുടരുമെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *