Last Updated on 17 Oct 2026 • 5:54 PM by Openzone Online

ഗോരഖ്പുർ: മരിച്ചെന്ന് കരുതി അന്ത്യകർമങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനിടെ ചുമച്ചതിനെ തുടർന്ന് 56കാരിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലെ ഗോരഖ്പുരിലെ ബെൽവ ദാഖിലി ഗ്രാമത്തിൽ ലളിതാ ദേവിയുടെ വീട്ടിലാണ് ബന്ധുക്കളെ അമ്പരപ്പിച്ച സംഭവം നടന്നത്.
സ്വകാര്യ ആശുപത്രിയിൽ മരിച്ചതായി പ്രഖ്യാപിച്ച ലളിതാ ദേവിയെ പിന്നീട് ഗോരഖ്പുരിലെ ബി.ആർ.ഡി. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.ഒരാഴ്ചയായി പനി ബാധിച്ച് ചികിത്സയിലായിരുന്ന ലളിതാ ദേവിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആദ്യം ബർഹൽഗഞ്ചിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
മസ്തിഷ്കാഘാതം ഉണ്ടായിരിക്കാമെന്ന സംശയത്തെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഗോരഖ്പുരിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. തുടർന്ന് ഗോരഖ്പുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ ബുധനാഴ്ച മരിച്ചതായി അറിയിച്ചതിനെത്തുടർന്ന് ബന്ധുക്കൾ വീട്ടിലേക്ക് കൊണ്ടുപോയി.
വീട്ടിലെത്തിച്ചതോടെ കുടുംബാംഗങ്ങൾ അന്ത്യകർമങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. മുളകൊണ്ടുള്ള ശവമഞ്ചവും തയ്യാറാക്കി. ബന്ധുക്കളും നാട്ടുകാരും വീട്ടിൽ ഒത്തുകൂടിയിരുന്നു. ഇതിനിടെ പരമ്പരാഗത ചടങ്ങിന്റെ ഭാഗമായി ലളിതാ ദേവിയുടെ വായിൽ തുളസിവെള്ളം ഒഴിച്ചപ്പോഴാണ് അവർ ചുമച്ചത്. ഇതോടെ മരിച്ചതായി കരുതിയിരുന്ന ലളിതാ ദേവിക്ക് ജീവനുണ്ടെന്ന് മനസ്സിലാക്കിയ ബന്ധുക്കൾ ഉടൻതന്നെ അവരെ വീണ്ടും ആശുപത്രിയിലെത്തിക്കുകയായിരുന്നു.
തുടർന്ന് ബി.ആർ.ഡി. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ലളിതാ ദേവിക്ക് ചികിത്സ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, അവരുടെ നിലവിലെ ആരോഗ്യനിലയെക്കുറിച്ചോ സ്വകാര്യ ആശുപത്രിയിൽ മരിച്ചതായി പ്രഖ്യാപിക്കാനിടയായ സാഹചര്യങ്ങളെക്കുറിച്ചോ ഔദ്യോഗികമായ വിശദീകരണം ലഭ്യമായിട്ടില്ല.
സംഭവം ചികിത്സയ്ക്കിടെ മരണനിർണയം നടത്തുന്നതിന്റെ കൃത്യതയെക്കുറിച്ചും ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. അതേസമയം, സംഭവത്തിന്റെ യഥാർഥ വൈദ്യശാസ്ത്രപരമായ കാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.


