Last Updated on 14 Oct 2026 • 10:46 AM by Openzone Online

ചെറുതോണി: പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട (ഇഎസ്എ) ആശങ്കകളും കഡസ്ട്രൽ മാപ്പിലെ ആശയക്കുഴപ്പങ്ങളും പൂർണമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം ആഹ്വാനം ചെയ്ത 16-ലെ ഹർത്താലിൽ നിന്ന് വിവിധ മേഖലകളെ ഒഴിവാക്കിയതായി ജില്ലാ സെക്രട്ടറി സി.വി. വർഗീസ് അറിയിച്ചു.
ആശുപത്രികൾ, പാൽ വിതരണം, പത്രവിതരണം തുടങ്ങിയ അവശ്യ സേവനങ്ങൾക്ക് ഹർത്താലിൽ ഇളവുണ്ടാകും. അന്നേദിവസം നടക്കുന്ന ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷയെയും നെടുങ്കണ്ടത്ത് നടക്കുന്ന കായികമേളയെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അടിമവ്യാപാര നിരോധനം നിലവിൽ വന്നതിന്റെ 200-ാം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ പോകുന്ന പിആർഡിഎസിന്റെ വാഹനങ്ങൾക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. ജില്ലയ്ക്ക് പുറത്തുനിന്ന് എത്തുന്ന വിനോദസഞ്ചാര വാഹനങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കായി ജില്ലയിലേക്ക് വരുന്ന വാഹനങ്ങൾക്കും ഹർത്താലിൽ ഇളവുണ്ടാകുമെന്ന് സി.വി. വർഗീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഇഎസ്എയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിച്ച് ജില്ലയിലെ ജനങ്ങൾക്ക് സ്വൈര്യജീവിതം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സിപിഐ എം ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹർത്താൽ വിജയിപ്പിക്കണമെന്നും ജില്ലാ സെക്രട്ടറി അഭ്യർഥിച്ചു.

