Last Updated on 11 Oct 2026 • 9:08 AM by Openzone Online

ചെറുതോണി: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്ഐആറിനെതിരെ നിലപാട് സ്വീകരിക്കുന്ന റോയ് കെ. പൗലോസ് എംഎൽഎ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചെറുതോണിയിലെ എംഎൽഎ ഓഫീസിന് മുന്നിൽ ബിജെപി ബോർഡ് സ്ഥാപിച്ചു.
ബിജെപി ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.1952-ലെ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പ്രകാരമാണ് എസ്ഐആർ നടപ്പാക്കുന്നതെന്നും മുൻകാലങ്ങളിലും വോട്ടർപട്ടിക പരിഷ്കരണങ്ങൾ നടന്നിട്ടുണ്ടെന്നും ബിജെപി നേതാക്കൾ പറഞ്ഞു.

യഥാർത്ഥ വോട്ടർമാരെ ഒഴിവാക്കി ബിജെപിക്ക് വിജയിക്കാനുതകുന്ന രീതിയിലാണ് വോട്ടർപട്ടിക തയ്യാറാക്കുന്നതെന്ന കോൺഗ്രസിന്റെ ആരോപണം തെറ്റാണെന്നും അവർ അവകാശപ്പെട്ടു. എസ്ഐആർ നടപ്പാക്കാത്ത അസമിൽ നടന്ന തിരഞ്ഞെടുപ്പിലും ബിജെപി വലിയ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്, ത്രിപുരയിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ചിട്ടും കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടെന്നും ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടി.
കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ കോൺഗ്രസ് വിജയങ്ങളും രാഹുൽ ഗാന്ധിയുടെ വിജയവും പരാമർശിച്ച നേതാക്കൾ, ഇത്തരം കാര്യങ്ങൾ മറച്ചുവച്ചാണ് കോൺഗ്രസ് എസ്ഐആറിനെതിരെ പ്രസ്താവനകൾ നടത്തുന്നതെന്നും ആരോപിച്ചു.

ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ. കുമാർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. കട്ടപ്പന മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത്ത് ശശി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ശ്രീനഗരി രാജൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് പി. രാജൻ, സ്റ്റേറ്റ് കൗൺസിൽ അംഗം സുരേഷ് എസ്. മീനത്തേരി, മണ്ഡലം വൈസ് പ്രസിഡന്റ് ഉത്തമൻ പടിഞ്ഞാറയിൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി മഹേഷ് പി. മോഹൻ, സുധൻ പള്ളിവിളാകത്ത്, സജി ദിവാകരൻ, ബോണി വർഗീസ്, അനിൽകുമാർ കെ.എസ്., ടി.എം. രാജു തുടങ്ങിയവർ നേതൃത്വം നൽകി.

