Last Updated on 10 Oct 2026 • 11:02 AM by Openzone Online

നെടുംകണ്ടം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ കെ.കെ. ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ ശ്രമിച്ചെന്ന കോണ്‍ഗ്രസ് നേതാവ് ഇബ്രാഹിംകുട്ടി കല്ലാറിന്റെ ആരോപണത്തിന് മറുപടിയുമായി മുതിര്‍ന്ന സിപിഎം നേതാവ് എം.എം. മണി.
ജയചന്ദ്രനെ തോല്പിക്കാന് തന്നെ സമീപിച്ചത് ആരാണെന്ന് ഇബ്രാഹിംകുട്ടി തുറന്നുപറയണമെന്നും വെറുതെ പുകമറ സൃഷ്ടിക്കരുതെന്നും എം.എം. മണി ആവശ്യപ്പെട്ടു. ആരെയാണ് സമീപിച്ചത്, ആരെ പരാജയപ്പെടുത്താനാണ് ശ്രമിച്ചത്, എന്താണ് സംസാരിച്ചത് തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമായി വെളിപ്പെടുത്തണം. തെളിവില്ലാതെ ദുഷ്പ്രചരണം നടത്തുന്നത് ശരിയായ രീതിയല്ലെന്നും എം.എം. മണി പ്രതികരിച്ചു.

കെ.കെ. ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎമ്മിലെ ഉത്തരവാദപ്പെട്ട നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും സമീപിച്ചിരുന്നുവെന്നും ഇതിന്റെ ശബ്ദരേഖകള്‍ തന്റെ കൈവശമുണ്ടെന്നുമായിരുന്നു കെപിസിസി സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാറിന്റെ വെളിപ്പെടുത്തല്‍. നെടുങ്കണ്ടത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇബ്രാഹിംകുട്ടിയുടെ ആരോപണത്തിന് പിന്നാലെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസും രംഗത്തെത്തിയിരുന്നു. സിപിഎം നേതാക്കള്‍ സമീപിച്ചതിന്റെ ശബ്ദരേഖകള്‍ കൈവശമുണ്ടെങ്കില്‍ അവ പുറത്തുവിടാന്‍ അദ്ദേഹം ഇബ്രാഹിംകുട്ടിയെ വെല്ലുവിളിച്ചു. ഇതിന് പിന്നാലെയാണ് എം.എം. മണിയുടെ പ്രതികരണം.
കെ.കെ. ജയചന്ദ്രനുമായി ബന്ധപ്പെട്ട മറ്റ് ചില കാര്യങ്ങളും ഇബ്രാഹിംകുട്ടി പ്രസംഗത്തില്‍ ഉന്നയിച്ചിരുന്നു. ജയചന്ദ്രന്റെ വീട് നിര്‍മാണവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പുറത്തുവിട്ടത് സിപിഎം പ്രവര്‍ത്തകരാണെന്നും ചില കാര്യങ്ങള്‍ അടുത്ത യോഗത്തില്‍ വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തുടര്‍ച്ചയായി എല്‍ഡിഎഫ് വിജയിച്ചിരുന്ന ഉടുമ്പന്‍ചോല മണ്ഡലത്തില്‍ കെ.കെ. ജയചന്ദ്രന് പരാജയപ്പെട്ടതോടെയാണ് പാര്‍ട്ടിക്കുള്ളിലെ ഭിന്നതകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സേനാപതി വേണുവിനോട് ഇരുപതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് ജയചന്ദ്രന് പരാജയപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

