Last Updated on 08 Oct 2026 • 4:41 AM by Openzone Online

ചെറുതോണി: മണിയാറൻകുടി–ചെമ്പകപ്പാറ മേഖലയിൽ ബിഎസ്എൻഎൽ ടവർ സ്ഥാപിച്ചിട്ടും പ്രദേശവാസികൾക്ക് ആവശ്യത്തിന് മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കുന്നില്ലെന്ന് പരാതി. വട്ടമേട്, കൊക്കരക്കുളം, മണിയാറൻകുടി ഉൾപ്പെടെയുള്ള വാഴത്തോപ്പ് പഞ്ചായത്തിലെ ഗ്രാമീണ മേഖലകളിലാണ് നെറ്റ്‌വർക്ക് പ്രശ്നം രൂക്ഷമെന്നാണ് നാട്ടുകാരുടെ ആരോപണം.
മൊബൈൽ ഫോൺ നിത്യജീവിതത്തിന്റെ അവിഭാജ്യ ഘടകമായ കാലത്ത് വിദ്യാർഥികൾക്ക് പഠന ആവശ്യങ്ങൾക്കും ഓൺലൈൻ സേവനങ്ങൾക്കും ഇന്റർനെറ്റ് അനിവാര്യമാണ്. സർക്കാർ സേവനങ്ങൾ ഉൾപ്പെടെ ഭൂരിഭാഗം കാര്യങ്ങളും ഓൺലൈനായ സാഹചര്യത്തിൽ, പുറംലോകവുമായി ബന്ധപ്പെടാൻ പോലും കഴിയാത്ത വിധം ബിഎസ്എൻഎൽ നെറ്റ്‌വർക്ക് പലപ്പോഴും ലഭ്യമാകുന്നില്ലെന്നാണ് പരാതി.
ജില്ലാ ആസ്ഥാനമായ പൈനാവിൽ നിന്ന് വെറും എട്ട് കിലോമീറ്റർ മാത്രം അകലെയുള്ള മണിയാറൻകുടി–കൊക്കരക്കുളം മേഖലകളിലാണ് ഈ സ്ഥിതി. ഫോൺ കോളുകൾക്കും ഇന്റർനെറ്റ് സേവനങ്ങൾക്കും തടസ്സമില്ലാതെ ലഭിക്കുന്ന തരത്തിൽ ബിഎസ്എൻഎൽ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

