Last Updated on 06 Oct 2026 • 9:48 AM by Openzone Online

Advertisement

ചെറുതോണി :ലോകസമാധാനത്തിനും ഐക്യത്തിനുമായി ലോകമെമ്പാടുമുള്ള കുട്ടികളെ ജപമാല പ്രാർത്ഥനയിൽ ഒരുമിപ്പിക്കുന്ന വൺ മില്യൺ ചിൽഡ്രൻ പ്രെയിംഗ് ദ റോസറി പ്രാർത്ഥനാ യജ്ഞത്തിന്റെ ഇടുക്കി രൂപതാതല ഉദ്ഘാടനം മരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.

2005ൽ വെനസ്വേലയിലെ കാരക്കാസിൽ ആരംഭിച്ച അന്താരാഷ്ട്ര പ്രാർത്ഥനാ സംരംഭം പിന്നീട് വിവിധ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. കുട്ടികളെ ഒരുമിച്ച് ജപമാല ചൊല്ലിച്ച് ലോകസമാധാനത്തിനും യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിക്കുന്നതിനുമായി പ്രാർത്ഥിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് ആണ് ആഗോളതലത്തിൽ സംരംഭത്തിന് നേതൃത്വം നൽകുന്നത്. രാവിലെ 11.30ന് മരിയാപുരം സെൻമേരിസ് സ്കൂൾ ഗ്രൗണ്ടിൽ നിന്നാരംഭിച്ച ജപമാല പ്രദക്ഷിണം മരിയാപുരം സെന്റ് മേരീസ് ദേവാലയത്തിലേക്ക് എത്തി. ദേവാലയത്തിലെ കപ്പേളയ്ക്ക് മുന്നിൽ ജപമാല സമർപ്പണം പൂർത്തിയാക്കി. തുടർന്ന് ഇടുക്കി രൂപതാ ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ സന്ദേശം നൽകി.

മാതാവിന്റെ രൂപത്തിനു മുന്നിൽ മെഴുകുതിരി തെളിച്ചാണ് അദ്ദേഹം പ്രാർത്ഥനാ യജ്ഞത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. 2026ലെ പ്രാർത്ഥനാ യജ്ഞത്തിന്റെ ഭാഗമായി ഒക്ടോബർ 1 മുതൽ 7 വരെ ലോകമെമ്പാടുമുള്ള കുട്ടികൾ ജപമാല പ്രാർത്ഥനയിൽ പങ്കെടുക്കുന്നുണ്ട്.

മാർപാപ്പ ലിയോ പതിനാലാമനും കുട്ടികളോടൊപ്പം ജപമാല ചൊല്ലി ഈ വർഷത്തെ പ്രാർത്ഥനാ യജ്ഞത്തിന് പിന്തുണ നൽകി. യുദ്ധവും സംഘർഷവും അനുഭവിക്കുന്ന കുട്ടികൾക്കും ലോകസമാധാനത്തിനുമായി പ്രത്യേകമായി പ്രാർത്ഥിക്കണമെന്ന ആഹ്വാനവും മാർപാപ്പ നൽകിയിട്ടുണ്ട്.

ഇടുക്കി രൂപതയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ കുട്ടികൾ ജപമാല പ്രദക്ഷിണത്തിലും തുടർന്നുള്ള പ്രാർത്ഥനയിലും പങ്കെടുത്തു. രൂപതയിലെ മുഴുവൻ സ്കൂളുകളിലെയും കത്തോലിക്കാ കുട്ടികളെ ആഗോള പ്രാർത്ഥനാ യജ്ഞത്തിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം. അധ്യാപകരും അനധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.

രൂപതാ വിദ്യാഭ്യാസ സെക്രട്ടറി ഫാ. ഡോ. ജോർജ് തകിടിയേൽ, ചാൻസലർ ഫാ. മാർട്ടിൻ പൊൻപനാൽ, കെ.സി.എസ്.എൽ രൂപതാ ഡയറക്ടർ ഫാ. ജിജോ മണ്ണൂക്കുളം, മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ട്, കാറ്റിക്കിസം രൂപതാ ഡയറക്ടർ ഫാ. ഫിലിപ്പ് ഐക്കര, രൂപതാ പാസ്റ്ററൽ കോർഡിനേറ്റർ ഫാ. തോമസ് പഞ്ഞിക്കുന്നേൽ, സ്കൂൾ മാനേജർ ഫാ. ഡോ. തോമസ് ആനിക്കുഴിക്കാട്ടിൽ രൂപതാ പ്രസിഡന്റ് എബി അബ്രാഹം, പ്രിൻസിപ്പൽ ജോയി കെ. ജോസ്, ഹെഡ്മാസ്റ്റർ സജി മാത്യു, എൽപി സ്കൂൾ ഹെഡ് മിസ്ട്രസ് സനു ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed