Last Updated on 05 Oct 2026 • 9:33 AM by Openzone Online

Advertisement

ചെറുതോണി: ലോകസമാധാനത്തിനും ഐക്യത്തിനുമായി ലോകമെമ്പാടുമുള്ള കുട്ടികളെ ജപമാല പ്രാർത്ഥനയിൽ ഒരുമിപ്പിക്കുന്ന വൺ മില്യൺ ചിൽഡ്രൻ പ്രെയിംഗ് ദ റോസറിയുടെ ഇടുക്കി രൂപതാതല ഉദ്ഘാടനം മരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. രാവിലെ 11.30ന് സ്കൂൾ ഗ്രൗണ്ടിൽ നിന്നുള്ള ജപമാല റാലിയോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്. തുടർന്ന് ഇടുക്കി രൂപതാ ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം നിർവഹിക്കും.

2005ൽ വെനസ്വേലയിലെ കാരക്കാസിൽ ആരംഭിച്ച ഈ അന്താരാഷ്ട്ര പ്രാർത്ഥനാ സംരംഭം പിന്നീട് വിവിധ രാജ്യങ്ങളിലേക്ക് വ്യാപിച്ചു. കുട്ടികളെ ഒരുമിച്ച് ജപമാല ചൊല്ലിച്ച് ലോകസമാധാനത്തിനും യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിക്കുന്നതിനുമായി പ്രാർത്ഥിക്കുകയാണ് ലക്ഷ്യം. എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (ACN) ആണ് ആഗോളതലത്തിൽ സംരംഭത്തിന് നേതൃത്വം നൽകുന്നത്.

2026ലെ പ്രാർത്ഥനാ യജ്ഞത്തിന്റെ ഭാഗമായി ഒക്ടോബർ 1 മുതൽ 7 വരെ ലോകമെമ്പാടുമുള്ള കുട്ടികൾ ജപമാല പ്രാർത്ഥനയിൽ പങ്കെടുക്കുന്നുണ്ട്. മാർപാപ്പ ലിയോ പതിനാലാമനും കുട്ടികളോടൊപ്പം ജപമാല ചൊല്ലി ഈ വർഷത്തെ പ്രാർത്ഥനാ യജ്ഞത്തിന് പിന്തുണ നൽകി. യുദ്ധവും സംഘർഷവും അനുഭവിക്കുന്ന കുട്ടികൾക്കും ലോകസമാധാനത്തിനുമായി പ്രത്യേകമായി പ്രാർത്ഥിക്കണമെന്ന ആഹ്വാനവും മാർപാപ്പ നൽകിയിട്ടുണ്ട്.

ഇടുക്കി രൂപതയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ കുട്ടികൾ റാലിയിലും തുടർന്ന് നടക്കുന്ന ജപമാലയിലും പങ്കെടുക്കും. രൂപതയിലെ മുഴുവൻ സ്കൂളുകളിലെയും കത്തോലിക്കാ കുട്ടികളെ ഈ ആഗോള പ്രാർത്ഥനാ യജ്ഞത്തിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം. കെ.സി.എസ്.എൽ രൂപതാ ഡയറക്ടർ ഫാ. ജിജോ മണ്ണൂക്കുളം, സ്കൂൾ മാനേജർ ഫാ. ഡോ. തോമസ് ആനിക്കുഴിക്കാട്ടിൽ, രൂപതാ പ്രസിഡന്റ് എബി അബ്രാഹം, പ്രിൻസിപ്പൽ ജോയി കെ. ജോസ്, ഹെഡ്മാസ്റ്റർ സജി മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടി.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed