Last Updated on 03 Oct 2026 • 11:05 AM by Openzone Online

നെടുങ്കണ്ടം: വിവിധ ഏലക്കാ വ്യാപാര സ്ഥാപനങ്ങളിൽ അതിക്രമിച്ച് കയറി പണവും ഏലക്കായയും മോഷ്ടിച്ച കേസിൽ 53കാരൻ അറസ്റ്റിൽ. മൈലാടുംപാറ കൈലാസനാട് ചേരിക്കൽ വീട്ടിൽ തമ്പിയെയാണ് നെടുങ്കണ്ടം പോലീസ് പിടികൂടിയത്.
സെപ്റ്റംബർ 26ന് പുലർച്ചെ മുണ്ടിയെരുമ ഹാജിയാർപടി ഭാഗത്തെ മലഞ്ചരക്ക് കടയിൽ അതിക്രമിച്ച് കയറി 1.50 ലക്ഷം രൂപ വിലവരുന്ന 50 കിലോ ഏലക്കായ മോഷ്ടിച്ചതാണ് ഒരു കേസ്. ഓഗസ്റ്റ് ഒന്നിന് ചക്കക്കാനം ഭാഗത്ത് ഏലക്കാ വ്യാപാരം നടത്തുന്ന കടയിൽ അതിക്രമിച്ച് കയറി മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 50,000 രൂപയും ചാക്കിൽ സൂക്ഷിച്ചിരുന്ന മൂന്ന് ചാക്ക് ഉണക്ക ഏലക്കായയും മോഷ്ടിച്ചതായും പോലീസ് പറഞ്ഞു.
ജൂൺ മൂന്നിന് ചോറ്റുപാറ ഭാഗത്തെ കടയിൽ അതിക്രമിച്ച് കയറി ഡ്രോയറിൽ സൂക്ഷിച്ചിരുന്ന 20,000 രൂപ മോഷ്ടിച്ചതായും കണ്ടെത്തി. നെടുങ്കണ്ടം പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഷൈൻ കുമാർ എ, സബ് ഇൻസ്പെക്ടർമാരായ ലിജോ പി. മണി, സജി എ., അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജോസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്യാം, സതീഷ് ഡി., ടിനോജ്, സിവിൽ പോലീസ് ഓഫീസർമാരായ ഡോൺ, ആൽബാഷ്, ബിനു, അനന്ദു, ജയശ്രീ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

