Last Updated on 25 Sep 2026 • 3:21 AM by Openzone Online

Advertisement

തിരുവനന്തപുരം: ദുർമന്ത്രവാദവും ആഭിചാരവും ഉൾപ്പെടെയുള്ള മനുഷ്യവിരുദ്ധ ദുഷ്പ്രവർത്തനങ്ങൾ തടയുന്നതിനായി തയ്യാറാക്കിയ നിയമത്തിന്റെ കരട് വിദഗ്ധസമിതി സംസ്ഥാന സർക്കാരിന് കൈമാറി. 22 തരത്തിലുള്ള പ്രവൃത്തികളാണ് കുറ്റകൃത്യങ്ങളായി ബില്ലിൽ നിർദേശിച്ചിരിക്കുന്നത്.

കുറ്റത്തിന്റെ സ്വഭാവമനുസരിച്ച് ജീവപര്യന്തം വരെ തടവുശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്നുണ്ട്.പത്തനംതിട്ടയിലെ ഇലന്തൂരിൽ നടന്ന നരബലി സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേരള യുക്തിവാദി സംഘം നൽകിയ പൊതുതാത്പര്യ ഹർജിയിൽ ഹൈക്കോടതി നടത്തിയ നിർദേശത്തെ തുടർന്നാണ് വിദഗ്ധസമിതി രൂപീകരിച്ചത്.

നിയമപരിഷ്കരണ കമ്മിഷൻ ഉപാധ്യക്ഷനും മുൻ നിയമ സെക്രട്ടറിയുമായ കെ. ശശിധരൻ നായർ, മുൻ ഡി.ജി.പി. ജേക്കബ് പുന്നൂസ് എന്നിവരാണ് സമിതി അംഗങ്ങൾ.‘ദുർമന്ത്രവാദവും ആഭിചാരവും മനുഷ്യത്വവിരുദ്ധ ദുഷ്പ്രവർത്തനങ്ങളും തടയൽ ബിൽ’ എന്ന പേരിലാണ് കരട് തയ്യാറാക്കിയിരിക്കുന്നത്. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ സംരക്ഷണങ്ങൾ കൂടി പരിഗണിച്ചാണ് നിയമനിർമാണത്തിനുള്ള നിർദേശങ്ങൾ തയ്യാറാക്കിയതെന്ന് സമിതി വ്യക്തമാക്കി.

ഗുരുതര കുറ്റങ്ങൾക്ക് ജീവപര്യന്തംനരബലി, ജീവനോടെ സംസ്കരിക്കൽ, മരണത്തിന് കാരണമാകുന്ന മറ്റ് പ്രവൃത്തികൾ എന്നിവയ്ക്ക് ജീവപര്യന്തം വരെ തടവ് ശിക്ഷയായി നിർദേശിക്കുന്നു.മാരകമായി പരിക്കേൽപ്പിക്കൽ, അംഗഭംഗം വരുത്തൽ, ആഭിചാരക്രിയകളുടെ പേരിൽ നടത്തുന്ന ലൈംഗികാതിക്രമം, ബലാത്സംഗം, ജീവന് ഹാനികരമായ വസ്തുക്കൾ കഴിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് 10 വർഷം വരെ തടവും പിഴയും നിർദേശിച്ചിട്ടുണ്ട്.

മർദനം മുതൽ ചികിത്സ നിഷേധിക്കൽ വരെബാധയൊഴിപ്പിക്കാനെന്ന പേരിൽ മർദിക്കൽ, ലഹരിപദാർഥങ്ങൾ നൽകൽ, വിസർജ്യം ഉപയോഗിക്കൽ, അന്ധവിശ്വാസങ്ങളുടെ പേരിൽ സ്ത്രീകളെ അധിക്ഷേപിക്കൽ, പണവും ആഭരണങ്ങളും തട്ടിയെടുക്കൽ, ഗുരുതര രോഗങ്ങൾക്ക് ചികിത്സ നിഷേധിക്കൽ, ഗർഭച്ഛിദ്രം നടത്തൽ, അതീന്ദ്രിയ ശക്തിയുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തൽ തുടങ്ങിയ പ്രവൃത്തികൾക്കും ശിക്ഷ നിർദേശിച്ചിട്ടുണ്ട്.

ഇത്തരം കുറ്റങ്ങൾക്ക് ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന തരത്തിലാണ് വ്യവസ്ഥ.ഓൺലൈൻ പ്രചാരണത്തിനും നിയന്ത്രണംദുർമന്ത്രവാദമോ ആഭിചാരക്രിയകളോ നടത്താനുള്ള അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെടുന്ന വ്യക്തികളെ ഡിജിറ്റൽ മാധ്യമങ്ങളിലൂടെയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രചരിപ്പിക്കുന്നതും കുറ്റകരമാക്കാനുള്ള നിർദേശമുണ്ട്.

ഇത്തരം പ്രവൃത്തികൾക്ക് മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന വ്യവസ്ഥയാണ് കരടിലുള്ളത്.എല്ലാ ജില്ലകളിലും പ്രത്യേക അന്വേഷണസംഘംനിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനായി ഓരോ ജില്ലയിലും ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്നും നിർദേശമുണ്ട്.

കൂടാതെ എ.ഡി.ജി.പി.യും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും ഉൾപ്പെടുന്ന സംസ്ഥാനതല നിരീക്ഷണ സമിതി രൂപീകരിക്കാനും കരടിൽ ശുപാർശ ചെയ്തിട്ടുണ്ട്.നിയമനിർമാണത്തിന്റെ ഭാഗമായി ഇനി സർക്കാർ തലത്തിൽ കരട് പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed