Last Updated on 17 Sep 2026 • 8:44 AM by Openzone Online

ചെറുതോണി: എൻജിനീയറിങ് സാങ്കേതികവിദ്യകളോ ആധുനിക നിർമ്മാണ സംവിധാനങ്ങളോ ഇല്ലാതിരുന്ന കാലഘട്ടത്തിൽ രാജ്യത്ത് നടന്നിട്ടുള്ള മഹത്തായ നിർമ്മാണ പ്രവർത്തനങ്ങൾ ഒരിക്കലും വിസ്മരിക്കാനാകില്ലെന്ന് ഇടുക്കി എംഎൽഎ റോയി കെ. പൗലോസ് പറഞ്ഞു.
ചെറുതോണിയിൽ നടന്ന വിശ്വകർമ്മ ദിനാചരണത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി ആർച്ച് ഡാം ഉൾപ്പെടെയുള്ള വൻകിട നിർമ്മാണങ്ങളുടെ കാലഘട്ടത്തിൽ നിരവധി തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു. വിശ്വകർമ്മ ദിനത്തോടനുബന്ധിച്ച് അവധി അനുവദിക്കണമെന്ന ആവശ്യവുമായി എംഎൽഎമാർ പങ്കെടുക്കുന്ന വിവിധ യോഗങ്ങളിൽ നിവേദനം സമർപ്പിച്ചിട്ടുണ്ടെന്നും ഈ ആവശ്യം ന്യായമാണെന്നും മുഖ്യമന്ത്രിയുടെയും നിയമസഭയുടെയും ശ്രദ്ധയിൽ വിഷയം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിശ്വകർമ്മ ദിനാചരണത്തിന്റെ ഭാഗമായി ഇടുക്കി ആലിൻചുവട്ടിൽ നിന്ന് വിവിധ ശാഖകളുടെ പങ്കാളിത്തത്തോടെ ഘോഷയാത്ര നടന്നു. തുടർന്ന് ചെറുതോണി വ്യാപാരഭവനിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് വി.എം. ബിജു അധ്യക്ഷത വഹിച്ചു.സംസ്ഥാന യുവജന സംഘം ട്രഷറർ എം.ആർ. സതീഷ് കുമാർ വിശ്വകർമ്മ ദിന സന്ദേശം നൽകി.
കെ.വി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജയ രാജു മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന ബോർഡ് അംഗം രാജൻ കൊടിഞ്ഞിയിൽ, സംസ്ഥാന സമിതി അംഗം മല്ലിക നീലകണ്ഠൻ, യൂണിയൻ സെക്രട്ടറി ഓമന വിജയകുമാർ, വൈസ് പ്രസിഡന്റ് ബൈജു അഞ്ചൽകുന്നേൽ, ജോയിന്റ് സെക്രട്ടറി മനോജ് സോമൻ, വൈസ് പ്രസിഡന്റ് പ്രശാന്ത് ഞവരക്കാട്ട്, ജോയിന്റ് സെക്രട്ടറി വിനോദ് കുമാർ, ആഘോഷ കമ്മിറ്റി കൺവീനർ സുകുമാരൻ തൊണ്ടിപ്പാറ, സാബു പൂവത്തുങ്കൽ , എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

