OpenZone Banner

Last Updated on 09 Sep 2026 • 4:12 PM by Openzone Online

Advertisement

കട്ടപ്പന: വൈദ്യുതി ബിൽ കുടിശികയായതിനെ തുടർന്ന് വിച്ഛേദിച്ച കണക്ഷൻ പുനഃസ്ഥാപിക്കാനെത്തിയ കെഎസ്ഇബി ലൈൻമാനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും വാഹനത്തിന്റെ താക്കോൽ എടുത്ത് കാട്ടിലേക്ക് എറിയുകയും ചെയ്തതായി പരാതി.


കട്ടപ്പന കെഎസ്ഇബി ഓഫീസിന് സമീപം കല്ലുകുന്ന് ഭാഗത്താണ് സംഭവം. വൈദ്യുതി ബിൽ കുടിശികയായതിനെ തുടർന്ന് വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചിരുന്നു. തുടർന്ന് ഇന്ന് വൈകിട്ടോടെ വീട്ടുകാർ ബിൽ അടച്ചതിനെ തുടർന്ന് രാത്രി 7.30ഓടെ ലൈൻമാൻ വൈദ്യുതി പുനഃസ്ഥാപിക്കാൻ വീട്ടിലെത്തുകയായിരുന്നു.


നാളെ രാവിലെ വൈദ്യുതി പുനഃസ്ഥാപിച്ചാൽ മതിയാകുമായിരുന്നെങ്കിലും വീട്ടിലെ കുട്ടികളടക്കമുള്ള സാഹചര്യം പരിഗണിച്ച് സ്വന്തം താൽപര്യപ്രകാരമാണ് ജീവനക്കാരൻ രാത്രിയിൽ വൈദ്യുതി പുനഃസ്ഥാപിക്കാനെത്തിയതെന്നാണ് വിവരം. ഇതിനിടെയാണ് വീട്ടുടമസ്ഥർ ജീവനക്കാരനോട് മോശമായി പെരുമാറുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തതായി ആരോപണമുയർന്നത്.


ജീവനക്കാരന്റെ ഇരുചക്ര വാഹനത്തിന്റെ താക്കോൽ എടുത്ത് ദൂരെയുള്ള കാട്ടിലേക്ക് എറിഞ്ഞതായും പരാതിയുണ്ട്. പിന്നീട് വീട്ടുകാർ തന്നെ താക്കോൽ കണ്ടെത്തി തിരികെ നൽകുകയായിരുന്നു. സംഭവത്തിനിടെ അസഭ്യം പറഞ്ഞതായും ആരോപണമുണ്ട്.
വിവരമറിഞ്ഞ് കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇടപെട്ടതോടെ താൽക്കാലികമായി പ്രശ്നത്തിന് പരിഹാരമായെന്നാണ് വിവരം.

സംഭവത്തിൽ നാളെ കട്ടപ്പന പോലീസിൽ പരാതി നൽകുമെന്ന് കെഎസ്ഇബി ജീവനക്കാർ അറിയിച്ചു.
ജോലിയുടെ ഭാഗമായി വൈദ്യുതി വിച്ഛേദിക്കുകയോ പുനഃസ്ഥാപിക്കുകയോ ചെയ്യുന്ന ജീവനക്കാരോട് പൊതുജനങ്ങൾ മോശമായി പെരുമാറുന്നത് ജീവനക്കാരുടെ മനോവീര്യം തകർക്കുന്നതായും സമയബന്ധിതമായി സേവനം നൽകുന്നതിനെ ഇത് ബാധിക്കുമെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇത്തരം സംഭവങ്ങളിൽ സംഘടനാഭേദമന്യേ സഹപ്രവർത്തകർക്ക് പിന്തുണ നൽകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed