OpenZone Banner

Last Updated on 09 Sep 2026 • 2:50 PM by Openzone Online

Advertisement

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് സ്വിച്ചിട്ടതുപോലെ ഒറ്റയടിക്ക് പരിഹാരം കാണാനാകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പ്രതിസന്ധി മറികടക്കാൻ സർക്കാരും കെഎസ്ഇബിയും മനുഷ്യസാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും ജനങ്ങൾക്കുണ്ടാകുന്ന പ്രയാസത്തിൽ ഖേദമുണ്ടെന്നും മന്ത്രി പറഞ്ഞു.

ആരുടെയും അനാസ്ഥയോ വീഴ്ചയോ മൂലമല്ല നിലവിലെ പ്രതിസന്ധിയുണ്ടായതെന്നും പ്രതികൂല കാലാവസ്ഥയും പ്രത്യേക സാഹചര്യങ്ങളുമാണ് പ്രധാന കാരണമെന്നും മന്ത്രി വ്യക്തമാക്കി. പൂർണമായ പരിഹാരം മഴയുടെ ലഭ്യതയെയും ആശ്രയിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

പകൽ സമയത്തെയും രാത്രികാലത്തെയും വൈദ്യുതി ലഭ്യതയും ഉപഭോഗവും തമ്മിലുള്ള വലിയ അന്തരമാണ് നിലവിലെ പ്രതിസന്ധിയുടെ പ്രധാന കാരണം. രാത്രിയിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ പോലും ആവശ്യമായ അളവിൽ ലഭ്യമാകാത്ത സാഹചര്യമാണുള്ളതെന്നും മന്ത്രി പറഞ്ഞു. ഒരു യൂണിറ്റിന് 10 മുതൽ 16 രൂപ വരെ നൽകാൻ തയ്യാറായാലും രാത്രികാലങ്ങളിൽ വിപണിയിൽ വൈദ്യുതി ലഭിക്കുന്നില്ല.

റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോടെ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ തീരുമാനിക്കുമ്പോഴേക്കും ലഭിച്ചിരുന്ന ഓഫറുകൾ മിനിറ്റുകൾക്കുള്ളിൽ പിൻവലിക്കപ്പെടുന്ന സാഹചര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മുൻകൂട്ടിയുള്ള വൈദ്യുതി കരാറുകൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കായംകുളം എൻടിപിസിയുമായി ചർച്ച നടത്തിവരികയാണ്.

എൻടിപിസിയുടെ അനുബന്ധ സ്ഥാപനങ്ങളിൽനിന്ന് കൂടുതൽ വൈദ്യുതി ലഭ്യമാക്കുന്നതിനും ഫ്‌ളോട്ടിങ് സോളാർ പദ്ധതികൾ നടപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളും കെഎസ്ഇബി നടത്തുന്നുണ്ട്. മഴ ഗണ്യമായി കുറഞ്ഞതും ചൂട് വർധിച്ചതും സംസ്ഥാനത്തെ വൈദ്യുതി ഉൽപാദനത്തെ പ്രതികൂലമായി ബാധിച്ചു. അതേസമയം വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സംസ്ഥാനത്തെ ഒരു ദിവസത്തെ ശരാശരി വൈദ്യുതി ആവശ്യം 3794 മെഗാവാട്ടായിരുന്നെങ്കിൽ ഇന്നലെ ഇത് 5200 മെഗാവാട്ടായി ഉയർന്നു. നിലവിലെ ആവശ്യവും ലഭ്യമായ വിതരണശേഷിയും തമ്മിൽ 700 മുതൽ 900 മെഗാവാട്ട് വരെ കുറവുണ്ടായതായും മന്ത്രി പറഞ്ഞു.

നിലവിൽ കേരളം ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്നത് 1650 മെഗാവാട്ട് വൈദ്യുതിയാണ്. കേന്ദ്ര വിഹിതമായി 1500 മെഗാവാട്ടും ദീർഘകാല കരാറുകളിലൂടെ 630 മെഗാവാട്ടും ഹ്രസ്വകാല കരാറുകളിലൂടെ 100 മെഗാവാട്ടും ലഭിക്കുന്നുണ്ട്. കേരളത്തിൽ 700 മെഗാവാട്ട് വരെ വൈദ്യുതി കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഗ്രിഡിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ബെംഗളൂരുവിലെ റീജണൽ ലോഡ് ഡിസ്പാച്ച് സെന്ററിന്റെ നിർദേശങ്ങളും ലോഡ് ക്രമീകരണങ്ങളും പാലിച്ചാണ് നിലവിൽ വൈദ്യുതി വിതരണം നടത്തുന്നത്.സ്വന്തം വൈദ്യുതി ഉൽപാദനത്തിൽ കേരളം അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ പിന്നിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആന്ധ്രാപ്രദേശ് ആവശ്യത്തിന്റെ 86 ശതമാനവും തെലങ്കാന 67 ശതമാനവും കർണാടക 60 ശതമാനവും തമിഴ്നാട് 50 ശതമാനവും സ്വയം ഉൽപാദിപ്പിക്കുമ്പോൾ കേരളത്തിന് ആവശ്യത്തിന്റെ ഏകദേശം 25 ശതമാനം മാത്രമാണ് ആഭ്യന്തരമായി ഉൽപാദിപ്പിക്കാൻ കഴിയുന്നത്.

ബാക്കി 75 ശതമാനം വൈദ്യുതിക്കായി കേന്ദ്ര ഏജൻസികളെയും മറ്റ് വൈദ്യുതി നിലയങ്ങളെയും ആശ്രയിക്കേണ്ട സാഹചര്യമാണ് കേരളത്തിലുള്ളതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed