OpenZone Banner

Last Updated on 09 Sep 2026 • 9:02 AM by Openzone Online

Advertisement

കൊച്ചി: ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും തുറന്നാൽ ഇപ്പോൾ കാണുന്നത് ഒരേ കാഴ്ച—എൺപതുകളിലേക്ക് മടങ്ങിയ മനുഷ്യർ ബെൽബോട്ടം പാന്റും വലിയ കോളറുള്ള ഷർട്ടും കൂളിങ് ഗ്ലാസും പഴയകാല ഹെയർസ്റ്റൈലും വിന്റേജ് കാറുകളും കാസറ്റ് പ്ലെയറുമൊക്കെയായി സോഷ്യൽ മീഡിയയിൽ നിറയുകയാണ് 80കളുടെ ചിത്രങ്ങൾ.

പക്ഷേ ഇവ യഥാർഥ പഴയ ചിത്രങ്ങളല്ല എ.ഐ. ഉപയോഗിച്ച് ഇന്നത്തെ ചിത്രങ്ങളെ എൺപതുകളുടെ കാലത്തേക്ക് പുനഃസൃഷ്ടിക്കുന്ന പുതിയ ട്രെൻഡാണ്. ഒരു സാധാരണ ഫോട്ടോ എ.ഐ. സംവിധാനത്തിൽ നൽകിയാൽ മുഖത്തിന്റെ സാദൃശ്യം നിലനിർത്തിക്കൊണ്ട് വസ്ത്രം, മുടി, പശ്ചാത്തലം, വെളിച്ചം, വാഹനങ്ങൾ, ഫോട്ടോയുടെ നിറവും പഴയകാല ഫിലിം ടെക്സ്ചറും വരെ മാറ്റിയാണ് ചിത്രങ്ങൾ തയ്യാറാക്കുന്നത്. വെറും ഒരു വിന്റേജ് ഫിൽറ്റർ ഇടുന്നതല്ല ഒരു വ്യക്തി 1980കളിലാണ് ജീവിച്ചിരുന്നതെങ്കിൽ എങ്ങനെയായിരിക്കും എന്ന രീതിയിൽ ചിത്രം തന്നെ പുനഃസൃഷ്ടിക്കുകയാണ് എ.ഐ.

താരങ്ങളിൽ നിന്ന് രാഷ്ട്രീയ നേതാക്കളിലേക്ക്സാധാരണ സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ തുടങ്ങിയ ട്രെൻഡ് ഇപ്പോൾ സിനിമാ താരങ്ങളിലേക്കും ടെലിവിഷൻ താരങ്ങളിലേക്കും രാഷ്ട്രീയ നേതാക്കളിലേക്കും വരെ പടർന്നിരിക്കുകയാണ്. മലയാളം ടെലിവിഷൻ രംഗത്തുള്ള നിരവധി താരങ്ങളും 80കളുടെ ലുക്കിലുള്ള എ.ഐ. ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയ നേതാക്കളും ട്രെൻഡിന് പിന്നാലെ എത്തിയതോടെ സംഭവം കൂടുതൽ ശ്രദ്ധ നേടി.

രമേശ് ചെന്നിത്തല, വി. ശിവൻകുട്ടി, ഒ.ജെ. ജനീഷ്, ആനാവൂർ നാഗപ്പൻ, എൻ. ഷംസുദ്ദീൻ, മാത്യു കുഴൽനാടൻ തുടങ്ങിയവരുടേതടക്കം 80കളുടെ ശൈലിയിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ശിവൻകുട്ടിയുടെ റെട്രോ ലുക്കിന് താഴെ സുകുമാരക്കുറുപ്പിനെ ഓർമിപ്പിക്കുന്നു എന്ന തരത്തിലുള്ള രസകരമായ കമന്റുകളും എത്തിയതോടെ ചിത്രം സോഷ്യൽ മീഡിയയിൽ കൂടുതൽ ശ്രദ്ധ നേടി.

രാഹുൽ മാങ്കൂട്ടത്തിലുൾപ്പെടെയുള്ള നേതാക്കളും ഈ ട്രെൻഡിന്റെ ഭാഗമായ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതോടെ, രാഷ്ട്രീയ രംഗത്തും 80കളുടെ റെട്രോ തരംഗം ചർച്ചയാവുകയാണ്. എന്നാൽ രാഹുൽ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പേജിൽ കമൻറുകൾ കൊണ്ട് പൊങ്കാല തീർക്കുകയാണ് ചിലർ.

ഇൻസ്റ്റാഗ്രാമിലെ അഡ് യുവേഴ്സ് എന്ന ഫീച്ചറിലൂടെയും ആളുകൾ പരസ്പരം ചിത്രങ്ങൾ പങ്കുവെച്ച് ട്രെൻഡ് വ്യാപിപ്പിക്കുകയായിരുന്നു. എൺപതുകളിൽ ഞാൻ എങ്ങനെയായിരിക്കും എന്ന ആശയത്തിലുള്ള നിർദേശങ്ങൾ നൽകി ചാറ്റ്ജിപിടി പോലുള്ള എ.ഐ. സംവിധാനങ്ങളിലാണ് പലരും ചിത്രങ്ങൾ തയ്യാറാക്കുന്നത്. തുടർന്ന് ചിത്രം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലും പോസ്റ്റുകളിലും പങ്കുവെച്ച് സുഹൃത്തുക്കളെയും ട്രെൻഡിലേക്ക് ക്ഷണിക്കുന്നു. ഒരു വ്യക്തിയെ കൊണ്ട് തുടങ്ങിയ ട്രെൻഡെന്നതിനേക്കാൾ, ഇൻസ്റ്റാഗ്രാമിലെ അഡ് യുവേഴ്സ് ശൃംഖലയും എ.ഐ. ഇമേജ് ജനറേഷൻ സംവിധാനങ്ങളുടെ എളുപ്പത്തിലുള്ള ലഭ്യതയും ചേർന്നാണ് ഇത് അതിവേഗം വൈറലായതെന്ന് പറയാം.

അതുകൊണ്ടുതന്നെ ഇതിന്റെ തുടക്കക്കാരൻ എന്ന നിലയിൽ ഒരു വ്യക്തിയെ ചൂണ്ടിക്കാണിക്കാൻ നിലവിൽ വ്യക്തമായ തെളിവില്ല. ഇപ്പോൾ രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും സാധാരണക്കാരുമെല്ലാം 80കളിലേക്ക് ടൈം ട്രാവൽ നടത്തുകയാണ്. പഴയകാലത്തിന്റെ വസ്ത്രവും മുടിയും വാഹനങ്ങളും പശ്ചാത്തലവുമെല്ലാം എ.ഐ. പുനഃസൃഷ്ടിക്കുമ്പോൾ, പുതിയ തലമുറയ്ക്ക് കൗതുകവും പഴയ തലമുറയ്ക്ക് ഗൃഹാതുരത്വവുമാണ് ഈ ചിത്രങ്ങൾ സമ്മാനിക്കുന്നത്.

ടെക്നോളജി മുന്നോട്ടോടുമ്പോൾ, സോഷ്യൽ മീഡിയ ഇപ്പോൾ തിരിഞ്ഞുനോക്കുന്നത് 40 വർഷം പിന്നിലേക്കാണ്—എ.ഐ. കൊണ്ടുവന്ന ഈ 80കളിലേക്കുള്ള മടക്കയാത്ര തന്നെയാണ് ഇപ്പോഴത്തെ പുതിയ വൈറൽ തരംഗം.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed