OpenZone Banner

Last Updated on 05 Sep 2026 • 8:21 AM by Openzone Online

Advertisement

ചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജിനും ചെറുതോണിക്കും ഇടയിൽ റോഡിന്റെ വശം കോൺക്രീറ്റ് ചെയ്യുന്നതിന്റെ ഭാഗമായി മണ്ണ് നീക്കം ചെയ്യുകയും ചില ഭാഗങ്ങളിൽ കോൺക്രീറ്റ് ജോലികൾ പുരോഗമിക്കുകയും ചെയ്യുന്നതിനിടെ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച ദിശാസൂചന ബോർഡ് യാത്രക്കാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി പരാതി.

റോഡ് അടച്ചിട്ടുണ്ടെന്നും വാഹനങ്ങൾ വഴിതിരിച്ചുവിടണമെന്നും സൂചിപ്പിക്കുന്ന ടേക്ക് ഡിവിയേഷൻ ബോർഡാണ് റോഡരികിൽ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ ഈ ഭാഗത്തൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്തിയിട്ടില്ലെന്നും വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന നടപടിയും നിലവിലില്ലെന്നും യാത്രക്കാർ പറയുന്നു. വാഴത്തോപ്പ് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മാർക്കറ്റ് കഴിഞ്ഞ് മുകളിലേക്ക് പോകുന്ന ഭാഗത്തും ബോർഡിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ വലതുവശത്തേക്ക് യാതൊരു ഡിവിയേഷനും ഇല്ല. പകരം ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കാടുപിടിച്ച പ്രദേശത്തുകൂടി കുന്നുകയറി വേണം ബോർഡിലെ ദിശ പിന്തുടരാൻ. ഇത് സാധാരണ യാത്രക്കാർക്ക് പ്രായോഗികമല്ലെന്നും പരാതിയുണ്ട്.

ഇത്തരത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ദിശാസൂചന ബോർഡുകൾ സ്ഥാപിക്കുന്നത് എന്തിനാണെന്ന ചോദ്യവുമായി വിമുക്തഭടനും എഴുത്തുകാരനുമായ ജിജി കാട്ടാംകോട്ടിൽ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. റോഡ് നിർമാണ മേഖലകളിൽ സ്ഥാപിക്കുന്ന ബോർഡുകൾ കൃത്യമായ സ്ഥലവും നിലവിലെ ഗതാഗതക്രമവും പരിഗണിച്ചാകണം സ്ഥാപിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പലയിടങ്ങളിലും സമാനമായി ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ബോർഡുകൾ സ്ഥാപിക്കുന്നതായി ആരോപണമുണ്ട്. റോഡ് നിർമാണ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ ബോർഡുകൾ സ്ഥാപിക്കുമ്പോൾ കൃത്യമായ മേൽനോട്ടം ഉണ്ടാകാത്തതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നതെന്നും നാട്ടുകാർ പറയുന്നു. കരാറുകാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇക്കാര്യത്തിൽ ആവശ്യമായ ശ്രദ്ധ ചെലുത്തണമെന്നാണ് ആവശ്യം.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed