OpenZone Banner

Last Updated on 01 Sep 2026 • 1:50 PM by Openzone Online

Advertisement

കട്ടപ്പന: മോട്ടോർ വാഹന വകുപ്പ് ചുമത്തിയ 24,000 രൂപയുടെ പിഴ അടയ്ക്കാൻ കഴിയാതെ കട്ടപ്പനയിലെ ഓട്ടോറിക്ഷ ഡ്രൈവർ സാമ്പത്തിക പ്രതിസന്ധിയിൽ. വാഹനത്തിലെ മീറ്റർ ഇല്ലായ്മ, വീൽ കപ്പ് സ്ഥാപിച്ചത്, സ്റ്റീരിയോ ഘടിപ്പിച്ചത് തുടങ്ങിയ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയതെന്നാണ് ഡ്രൈവർ സനു സത്യന്റെ പരാതി.

തനിക്ക് സാധുവായ ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരുന്നിട്ടും പരിശോധനാ ഉദ്യോഗസ്ഥൻ ലൈസൻസ് ഇല്ലെന്ന് രേഖപ്പെടുത്തിയെന്നും, ലൈസൻസ് പരിശോധിക്കാൻ പോലും ഉദ്യോഗസ്ഥൻ തയ്യാറായില്ലെന്നും സനു ആരോപിക്കുന്നു. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥൻ യൂണിഫോമിലായിരുന്നില്ലെന്നും സനു പറയുന്നു.ഓട്ടോറിക്ഷ തൊഴിലാളികളുടെ വരുമാനം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ 24,000 രൂപയുടെ പിഴ വലിയ സാമ്പത്തിക ബാധ്യതയാണെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.

ഓട്ടോറിക്ഷയുടെ വായ്പാ തിരിച്ചടവ് ഉൾപ്പെടെയുള്ള പ്രതിമാസ ചെലവുകൾ പോലും കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ഉയർന്ന തുകയുടെ പിഴ ചുമത്തിയതെന്നും ഇവർ പറയുന്നു.സ്ത്രീകൾക്ക് ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി നിലവിൽ വന്നതോടെ ആശുപത്രി ആവശ്യങ്ങൾ ഉൾപ്പെടെയുള്ള പല യാത്രകളും ഓട്ടോറിക്ഷയ്ക്ക് പകരം ബസുകളിലേക്ക് മാറിയതായി തൊഴിലാളികൾ പറയുന്നു.

ഇതോടെ ഓട്ടോ തൊഴിലാളികളുടെ വരുമാനത്തിൽ കുറവുണ്ടായതായും അവർ ആരോപിക്കുന്നു.മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ എൽദോസിനെതിരെ നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ടെന്നാണ് ഓട്ടോ തൊഴിലാളികളുടെ ആരോപണം. വീടിന്റെ മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിന് പോലും പിഴ ചുമത്തിയ സംഭവങ്ങളുണ്ടെന്നും, മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട് നേരിട്ട് ഇടപെടുന്നവർക്കും ഏജന്റുമാർക്കും ഉദ്യോഗസ്ഥന്റെ നടപടികൾ ബുദ്ധിമുട്ടുണ്ടാക്കുന്നതായും തൊഴിലാളികൾ ആരോപിക്കുന്നു.

അടുത്തിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണമുന്നയിച്ച ശേഷം ഒരു ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവവും ചർച്ചയായ സാഹചര്യത്തിൽ, കട്ടപ്പനയിലെ പിഴ നടപടിയും ഗൗരവമായി പരിശോധിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.സനു സത്യന്റെ വാഹനവുമായി ബന്ധപ്പെട്ട് ചുമത്തിയ പിഴയുടെ സാഹചര്യവും ലൈസൻസ് സംബന്ധിച്ച രേഖപ്പെടുത്തിയ വിവരങ്ങളും ഉൾപ്പെടെ പരിശോധിക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു. നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമ്പോഴും ഉപജീവനത്തിനായി ഓട്ടോറിക്ഷ ഓടിക്കുന്ന സാധാരണ തൊഴിലാളികളോട് മാനുഷിക സമീപനം സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed