Last Updated on 30 Aug 2026 • 5:11 AM by Openzone Online

ചെറുതോണി: ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി ചെറുതോണി ടൗണിൽ ഇന്ന് ആവേശപ്പോരാട്ടം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കേരള ഡി.ടി.പി.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന തടി ചുമട് മത്സരത്തിലാണ് ഇടുക്കിയുടെ കരുത്തന്മാർ മാറ്റുരയ്ക്കുന്നത്.
തോപ്രാംകുടി, മുരിക്കാശ്ശേരി തുടങ്ങിയ മേഖലകളിൽ നടന്ന തടി ചുമട് മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുള്ള 23കാരനായ എൽദോസ് ബിജുവും മത്സരത്തിൽ പങ്കെടുക്കും. തടി ചുമട് മത്സരങ്ങളിലെ മികവിലൂടെ ഇടുക്കിയുടെ ബാഹുബലി എന്ന വിശേഷണം നേടിയ എൽദോസിനൊപ്പം ജില്ലയിലെ കരുത്തുറ്റ നിരവധി മത്സരാർഥികളും ഇന്ന് കളത്തിലിറങ്ങും. ഉച്ചയ്ക്ക് 2ന് ചെറുതോണി പാലത്തിലാണ് മത്സരം. ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന മത്സരത്തിന് ആവേശകരമായ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.
പരിപാടികൾക്ക് എം.എൽ.എ റോയി കെ. പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, എ.ഡി.എം മിനി കെ. ജോൺ തുടങ്ങിയവർ നേതൃത്വം നൽകുമെന്ന് പബ്ലിസിറ്റി കൺവീനർ അനിൽ ആനയ്ക്കനാട്ട് അറിയിച്ചു.

