Last Updated on 24 Aug 2026 • 2:38 AM by Openzone Online

ചെറുതോണി: ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ ഹരിതാരവം പദ്ധതിയുടെ ഭാഗമായി വാഴത്തോപ്പ് തണൽ കർഷകസംഘം നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടന്നു. ഓണം വിപണി ലക്ഷ്യമിട്ടാണ് കൃഷി ആരംഭിച്ചത്. വിളവെടുപ്പിനൊപ്പം തന്നെ ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തി വിൽപ്പന നടത്താനും സാധിച്ചത് പദ്ധതിയുടെ ശ്രദ്ധേയമായ നേട്ടമായി.
ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ വിത്ത് മുതൽ വിപണി വരെ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ഹരിതാരവം പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 60-ഓളം സ്വയംസഹായ സംഘങ്ങൾ കൃഷിയിലേക്ക് എത്തിക്കഴിഞ്ഞു. ശീതകാല പച്ചക്കറി കൃഷി ഉൾപ്പെടെയാണ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയത്. കൃഷിക്കാവശ്യമായ സാമ്പത്തിക സഹായം നൽകുന്നതിന് പുറമെ വിത്ത്, വളം തുടങ്ങിയവ ലഭ്യമാക്കുന്നതിനുള്ള പിന്തുണയും ബ്ലോക്ക് പഞ്ചായത്ത് നൽകുന്നുണ്ട്.

കാർഷിക മേഖല പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ യുവാക്കളടക്കമുള്ളവരെ കൃഷിയിലേക്ക് ആകർഷിക്കുകയും കാർഷിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ പി ഉസ്മാൻ അറിയിച്ചു.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നി ഉദ്ഘാടനം ചെയ്തു. ഒരേ വേദിയിൽ തന്നെ വിപണി കണ്ടെത്തി വിളവെടുത്ത ഉടൻ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്താൻ കഴിയുന്നത് പദ്ധതിയുടെ വലിയ നേട്ടമാണെന്ന് സാന്ദ്രമോൾ ജിന്നി പറഞ്ഞു.
വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. വിളവെടുപ്പിന് ശേഷം ചെണ്ടുമല്ലിയുടെ ആദ്യ വിൽപ്പനയ്ക്കായുള്ള വിളവ് എസ്.എൻ.ഡി.പി ഗുരുമന്ദിരം ശാഖാ പ്രസിഡന്റ് ബിജു പി.എം ഏറ്റുവാങ്ങി.

എ.ഡി.എ സുജിത മോൾ സി.എസ്, വാഴത്തോപ്പ് കൃഷി ഓഫീസർ ശ്രുതി കെ., ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ജെയിൻ അഗസ്റ്റിൻ,തണൽ കർഷകസംഘം പ്രസിഡണ്ട് ബാബു ചേറ്റാനിയിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, സാമുദായിക-സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

