Last Updated on 01 Aug 2026 • 7:57 AM by Openzone Online

ചെറുതോണി: തടിയമ്പാട് ഓട്ടോറിക്ഷ സ്റ്റാൻഡിന് സമീപം ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളേജിന്റെ ബസിന്റെ പിൻഭാഗത്തെ ടയർ തെറിച്ച് സമീപത്തെ കണിയാംകുടിയിൽ എർത്ത് മൂവേഴ്സിന്റെ ഓഫീസിലേക്ക് പാഞ്ഞുകയറി. ടയർ ആദ്യം ഒരു ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷമാണ് വ്യാപാരസ്ഥാപനത്തിന്റെ ഗ്ലാസ് തകർത്ത് അകത്തേക്ക് കയറിയത്. സംഭവം നടക്കുമ്പോൾ ഓഫീസിനുള്ളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

ഓഫീസിന്റെ മുൻവശത്തെ ഗ്ലാസുകളും ഓട്ടോറിക്ഷയും കേടുപാടുകൾക്ക് വിധേയമായി.പ്രാഥമിക പരിശോധനയിൽ ടയർ ഘടിപ്പിച്ചിരുന്ന വീൽ നട്ട്-ബോൾട്ടുകൾ ഇളകിയതാകാം അപകടത്തിന് കാരണമെന്ന് സംശയിക്കുന്നുണ്ട്. എന്നാൽ അപകടത്തിന്റെ കൃത്യമായ കാരണം സാങ്കേതിക പരിശോധനയ്ക്ക് ശേഷമേ സ്ഥിരീകരിക്കാനാകൂ. ഡ്രൈവറുടെ അശ്രദ്ധ മൂലമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. വിവരം അറിഞ്ഞെത്തിയ ഇടുക്കി സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബസ് സ്റ്റേഷനിലെത്തിച്ച് തുടർനടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി.

