Last Updated on 24 Nov 2026 • 10:02 AM by Openzone Online

Advertisement

രാജാക്കാട് :ശാന്തൻപാറ ചേരിയാറിൽ 56കാരി റാണി ബാലഗുരുവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പശ്ചിമ ബംഗാളിൽ നിന്ന് ഇടുക്കി ജില്ലാ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം പിടികൂടി. പശ്ചിമ ബംഗാൾ ബർധമാൻ ജില്ലയിലെ റായ്ഗ്രാം വില്ലേജ് സ്വദേശി നായക് ദഫേദാർ (27) ആണ് അറസ്റ്റിലായത്.

ഒളിവിൽ കഴിയുന്നതിനിടെ രൂപമാറ്റം വരുത്തിയ പ്രതിയെ നവംബർ 20ന് ഉച്ചയോടെ സിയൽദ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പോലീസ് പിടികൂടിയത്. നവംബർ 10ന് പകൽ 11.30ഓടെയാണ് ശാന്തൻപാറ വില്ലേജിലെ ചേരിയാർ എ.എൽ.ടി കോളനി ഭാഗത്ത് ഏദൻതോട്ടത്തിൽ വീട്ടിൽ റാണി ബാലഗുരുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രദേശവാസിയുടെ പറമ്പിൽ തല അറ്റുപോയ നിലയിലും വലതുകൈ അറ്റുപോയി മാംസമില്ലാത്ത നിലയിലുമായിരുന്നു മൃതദേഹം. സംഭവത്തിൽ ശാന്തൻപാറ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം പരിശോധനയിൽ തലയ്ക്ക് പിന്നിൽ കട്ടിയുള്ള വസ്തു ഉപയോഗിച്ചുള്ള ശക്തമായ അടിയേറ്റുണ്ടായ പരിക്കാണ് മരണകാരണമെന്ന് കണ്ടെത്തി.

സംഭവദിവസം മുതൽ നായക് ദഫേദാറിനെ കാണാതായതോടെയാണ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചത്. ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ.പി.എസിന്റെ നിർദേശപ്രകാരം മൂന്നാർ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് അമൃത സതീപൻ ഐ.പി.എസിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയായിരുന്നു.

ദേവികുളം സർക്കിൾ ഇൻസ്പെക്ടർ കവിരാജൻ പി.എ, ശാന്തൻപാറ എസ്.ഐ അനിൽകുമാർ കെ.പി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ജാർഖണ്ഡ്, ഛത്തീസ്ഗഢ്, ഒഡീഷ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ പോലീസ് അന്വേഷണം നടത്തി.

പ്രതിയുടെ യാത്രാമാർഗങ്ങളും റെയിൽവേ റൂട്ടുകളും കേന്ദ്രീകരിച്ചും പരിശോധന ശക്തമാക്കി. നവംബർ എട്ടുമുതൽ പ്രതിയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. നവംബർ ഒമ്പതിന് ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് കോർബ എക്സ്പ്രസിൽ കേരളം വിട്ടതായി അന്വേഷണത്തിൽ കണ്ടെത്തി.

പ്രതിയുടെയും ബന്ധുക്കളുടെയും കോൾ ഡീറ്റെയിൽസ് പരിശോധിച്ചതിൽ നിന്ന് പശ്ചിമ ബംഗാളിലെ നദിയ ജില്ലയിലുള്ള ഭാര്യവീട്ടിലും മുണ്ടേശ്വറിലുള്ള മാതാപിതാക്കളുടെ വീട്ടിലും പ്രതി എത്തിയതായി വിവരം ലഭിച്ചു. ഇതിനിടെ താടിയും മുടിയും മുറിച്ച് രൂപമാറ്റം വരുത്തിയതായും കണ്ടെത്തി.

തുടർന്ന് പശ്ചിമ ബംഗാൾ പോലീസിനും റെയിൽവേ പോലീസിനും പ്രതിയുടെ വിവരങ്ങൾ കൈമാറി. സിയൽദ റെയിൽവേ പോലീസിന്റെ സഹായത്തോടെ നവംബർ 20ന് സിയൽദ റെയിൽവേ സ്റ്റേഷനിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിന് ശേഷം സിയൽദ കോടതിയിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ കോടതി അനുമതിയോടെ കേരളത്തിലെത്തിച്ചു.

പോലീസ് ഇൻസ്പെക്ടർ ജനറൽ പ്രകാശ് ഐ.പി.എസ്, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ യതീഷ് ചന്ദ്ര ഐ.പി.എസ് എന്നിവരുടെ മേൽനോട്ടവും അന്വേഷണത്തിനുണ്ടായിരുന്നു. റെയിൽവേ പോലീസ് സൂപ്രണ്ട് ബി. കൃഷ്ണകുമാർ ഐ.പി.എസ്, പശ്ചിമ ബംഗാളിലെ ബർധമാൻ ജില്ലാ പോലീസ് സൂപ്രണ്ട് പുഷ്പ ഐ.പി.എസ്, കൃഷ്ണനഗർ പോലീസ് സൂപ്രണ്ട് അതുൽ വിശ്വനാഥൻ ഐ.പി.എസ്, അഡീഷണൽ പോലീസ് സൂപ്രണ്ട് എഴിലരശൻ എന്നിവരുടെ സഹകരണവും പ്രതിയെ പിടികൂടുന്നതിൽ നിർണായകമായി.

ഇടുക്കി സൈബർ സെൽ, ഇന്ത്യൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസ്, പശ്ചിമ ബംഗാൾ പോലീസ്, സ്റ്റേറ്റ് റെയിൽവേ പോലീസ് എന്നിവരും അന്വേഷണത്തിൽ സഹായിച്ചു. ശാന്തൻപാറ എസ്.ഐ അനിൽകുമാർ കെ.പി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജയകൃഷ്ണൻ വി, ജയേഷ് കെ.ബി, ആന്റണി കെ.ജെ, സിവിൽ പോലീസ് ഓഫീസർ അശോക് വി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed