Last Updated on 28 Sep 2026 • 9:49 AM by Openzone Online

ചെറുതോണി: മന്നാൻ സമുദായത്തിന്റെ ജീവിതവും സാമൂഹിക സാഹചര്യങ്ങളും അടുത്തറിയാൻ അങ്കമാലി ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥികൾ മണിയാറൻകുടിയിൽ എത്തി.
വട്ടമേട്ടിൽ ഏഴുദിവസം നീണ്ടുനിൽക്കുന്ന കമ്മ്യൂണിറ്റി സഹവാസ ക്യാമ്പിന് തുടക്കമായി. ഇടുക്കിയിലെ മന്നാൻ സമുദായത്തിൽപ്പെട്ടവർ താമസിക്കുന്ന വട്ടമേട് ഉന്നതിയിലാണ് ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ സ്കൂൾ ഓഫ് സോഷ്യൽ വർക്ക് വിദ്യാർഥികൾ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
വനപ്രദേശത്തോട് ചേർന്നുകിടക്കുന്ന വട്ടമേട് മേഖലയിലെ ജനജീവിതം നേരിട്ട് മനസ്സിലാക്കുന്നതിനും അവരുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക സാഹചര്യങ്ങൾ അടുത്തറിയുന്നതിനുമാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്.

പ്രദേശവാസികളുമായി നേരിട്ട് ഇടപഴകി അവരുടെ ദൈനംദിന ജീവിതവും ആവശ്യങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കുന്നതിനൊപ്പം, ജനപങ്കാളിത്തത്തിലൂടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാര മാർഗങ്ങൾ കണ്ടെത്തുന്നതിനുള്ള അനുഭവവും വിദ്യാർഥികൾക്ക് ക്യാമ്പിലൂടെ ലഭിക്കും.
സാമൂഹ്യ പ്രവർത്തനത്തിന്റെ പ്രായോഗിക വശങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനും ക്യാമ്പ് സഹായകമാകും. വട്ടമേട് സാംസ്കാരിക നിലയത്തിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് അധ്യക്ഷത വഹിച്ചു.

ക്യാമ്പിന്റെ ഉദ്ഘാടനം റോയി കെ. പൗലോസ് എംഎൽഎ നിർവഹിച്ചു. വാർഡ് മെമ്പർ സിജി ചാക്കോ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിബി മത്തായി, രവി സുധാകരൻ, ഊരു മൂപ്പൻ രവി സി വി ,ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി പ്രിൻസിപ്പൽ ഡോ. ഫാ. ജോണി ചാക്കോ, വൈസ് പ്രിൻസിപ്പൽമാരായ ഫാ. മാത്യു മാളിയേക്കൽ , ഫാ. ജോസഫ് താടത്തിൽ, ഫാ. ക്രിസ്റ്റിൻ പുത്തൻപുരയിൽ, അസോസിയേറ്റ് പ്രൊഫസർമാരായ, ഡോ. മിനി കെ. പി , ഡോ. അനീഷ് എം. എസ്, സ്റ്റുഡൻസ് കോഡിനേറ്റർമാരായ സാനിയ രാജു, ടോണി ആൻറണി, തുടങ്ങിയവർ പ്രസംഗിച്ചു.

