Last Updated on 11 Oct 2026 • 1:18 PM by Openzone Online

ചെറുതോണി: ചെറുതോണി പോസ്റ്റ് ഓഫീസ് റോഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായിട്ടും അറ്റകുറ്റപ്പണികൾ നടത്താൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ചെറുതോണി ടൗണിലെ സ്റ്റോണേജ് ബിൽഡിങ്ങിന് മുൻവശത്തുനിന്ന് പെട്രോൾ പമ്പ് ഭാഗത്തേക്ക് പോകുന്ന റോഡാണ് തകർച്ചയെ തുടർന്ന് ദുരിതയാത്രയ്ക്ക് വഴിയൊരുക്കുന്നത്.

ചെറുതോണി ടൗണിലെ ആദ്യകാല റോഡുകളിലൊന്നായ ഈ പാതയിലൂടെ നിരവധി കുടുംബങ്ങളാണ് യാത്ര ചെയ്യുന്നത്. സപ്ലൈകോ, പോസ്റ്റ് ഓഫീസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും ഈ മേഖലയിലാണ് പ്രവർത്തിക്കുന്നത്. ഇതുമൂലം വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരും പ്രദേശവാസികളും ഒരുപോലെ റോഡിനെ ആശ്രയിക്കുന്നു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി റോഡിനു വേണ്ടി ഫണ്ട് അനുവദിച്ചിരുന്നു എന്നും ബില്ല് മാറി പോയിട്ടുണ്ടോ എന്ന് സംശയമുണ്ട് എന്നും ചെറുതോണിയിലെ വ്യാപാരിയായ ഗംഗാധരൻ ആരോപിച്ചു.

റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ഉയരുമ്പോഴും അറ്റകുറ്റപ്പണികൾക്കായി അധികൃതർ മനസ്സ് വയ്ക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡ് എത്രയും വേഗം ഗതാഗതയോഗ്യമാക്കി ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

