Last Updated on 01 Nov 2026 • 1:04 PM by Openzone Online

ചെറുതോണി: താന്നിക്കണ്ടം മുകൾഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. കല്ലറക്കൽ രാജുവിന്റെ പറമ്പിലാണ് ശനിയാഴ്ച രാത്രി പെരുമ്പാമ്പിനെ കണ്ടെത്തിയത്.
റോഡിൽനിന്ന് പറമ്പിലേക്ക് കയറുകയായിരുന്ന പാമ്പിനെ പള്ളിയിൽനിന്ന് മടങ്ങുകയായിരുന്നവരാണ് ആദ്യം കണ്ടത്. തുടർന്ന് ഇവർ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.

നഗരമ്പാറ റേഞ്ച് ഓഫീസിൽനിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ഏകദേശം 16 കിലോ തൂക്കമുള്ള പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി.
പിടികൂടിയ പാമ്പിനെ മീൻമുട്ടി വനമേഖലയിൽ തുറന്നുവിടുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനു മുൻപും പ്രദേശത്ത് പെരുമ്പാമ്പിന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
വീടുകളിലോ പരിസരങ്ങളിലോ വന്യജീവികളെ കണ്ടാൽ സ്വയം പിടികൂടാൻ ശ്രമിക്കാതെ വനംവകുപ്പിനെ വിവരം അറിയിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

