Last Updated on 12 Oct 2026 • 7:19 AM by Openzone Online

Advertisement

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ കാർ അപകടക്കേസിലെ പ്രതി സുഹൈൽ സജീവിനെ കാക്കനാട്ടെ ബോസ്റ്റൽ സ്കൂളിൽ റിമാൻഡ് ചെയ്തു. പ്രതിയുടെ പ്രായവും ക്രിമിനൽ പശ്ചാത്തലമില്ലെന്ന കാര്യവും പരിഗണിച്ചാണ് കോടതി പ്രത്യേക സ്ഥാപനത്തിലേക്ക് അയച്ചത്.

അപകടസമയത്ത് കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കെതിരെയും പ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.അപകടസമയത്ത് അമിതവേഗത്തിലായിരുന്നു വാഹനമോടിച്ചതെന്ന് സുഹൈൽ പൊലീസിനോട് മൊഴി നൽകിയിട്ടുണ്ട്.

എയർപോർട്ട് റോഡിലൂടെ മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിലാണ് കാർ ഓടിച്ചതെന്നാണ് മൊഴി. അപകടത്തിന്റെ യഥാർഥ കാരണം, വാഹനത്തിന്റെ വേഗം, ഡ്രൈവിങ്ങിനിടെ ബ്രേക്ക് ഉപയോഗിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താൻ പൊലീസ് വിദഗ്ധ പരിശോധന നടത്തും.

സുഹൈലിനൊപ്പം കാറിലുണ്ടായിരുന്നവർക്കെതിരെയും കേസ്അപകടസമയത്ത് സുഹൈലിനൊപ്പം വാഹനത്തിലുണ്ടായിരുന്ന നിനവ്, അമീർ, ജോയൽ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മദ്യലഹരിയിലായിരുന്ന സുഹൈലിനെ വാഹനം ഓടിക്കാൻ പ്രേരിപ്പിച്ചെന്നും മദ്യപിച്ച് വാഹനമോടിക്കുന്നത് അറിഞ്ഞിട്ടും തടയാൻ ശ്രമിച്ചില്ലെന്നും ആരോപിച്ചാണ് നടപടി.

അപകടത്തിനുശേഷം ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ്സുഹൈലിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു. അപകടവുമായി ബന്ധപ്പെട്ട പൊലീസ് റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് നീക്കം.

അമിതവേഗത്തിൽ വാഹനമോടിച്ചതിന്റെ ദൃശ്യങ്ങളും പരിശോധിക്കും.അപകടസമയത്തെ കാറിന്റെ വേഗം ഉൾപ്പെടെയുള്ള വിവരങ്ങൾ കണ്ടെത്താൻ വാഹനത്തിലെ ഇവന്റ് ഡാറ്റാ റെക്കോർഡർ (EDR) പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. അപകടത്തിന് തൊട്ടുമുമ്പുള്ള വാഹനത്തിന്റെ വേഗം, ബ്രേക്ക് പ്രയോഗം, ആക്സിലറേറ്റർ ഉപയോഗം തുടങ്ങിയ വിവരങ്ങൾ ഇതിലൂടെ ലഭിച്ചേക്കും. ഇതിനായി ബിഎംഡബ്ല്യു കമ്പനിയുടെ സാങ്കേതിക വിദഗ്ധരുടെ സഹായവും തേടും.മൂന്ന് ബാറുകളിൽ മദ്യപിച്ചെന്ന് പൊലീസ്അപകടത്തിന് മുമ്പ് സുഹൈൽ മൂന്ന് ബാറുകളിൽ മദ്യപിച്ചിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ.

23 വയസ്സിൽ താഴെയുള്ളയാൾക്ക് മദ്യം നൽകിയെന്ന ആരോപണത്തിൽ ബാറുകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. പൊലീസ് പറയുന്നതനുസരിച്ച്, സുഹൃത്തിനൊപ്പം ആദ്യം ഇടപ്പള്ളിയിലെ മാളിലെത്തിയ സുഹൈൽ പിന്നീട് വൈറ്റില എസ്.എ. റോഡിലെ ബാറിൽ കയറി മദ്യപിച്ചു. തുടർന്ന് പാലാരിവട്ടത്തിന് സമീപമുള്ള ബാറിലും പിന്നീട് ഇടപ്പള്ളിയിലെ നക്ഷത്ര ഹോട്ടലിലെ ബാറിലും എത്തി.

മദ്യപാനവും ഭക്ഷണവും കഴിഞ്ഞ് രാത്രി 12 മണിക്ക് ശേഷമാണ് സംഘം വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചത്.മൂന്ന് യുവാക്കളുടെ ജീവനെടുത്ത അപകടംഅത്താണി എയർപോർട്ട് സിഗ്നൽ കവലയ്ക്ക് സമീപം വിമാനത്താവള റോഡിൽ പുലർച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്.

അപകടത്തിൽ മുഹമ്മദ് ഇയാസ് (22), കെ.വി. ദേവിക (21), എം.പി. ഗോപിക (22) എന്നിവർ മരിച്ചു. കർണാടകയിലെ സുള്ള്യ സ്വദേശിയായ മുഹമ്മദ് ഇയാസ്, വയനാട് കൽപ്പറ്റ മടക്കിമല സ്വദേശിനിയായ ദേവിക, പാലക്കാട് മണ്ണാർക്കാട് കരിമ്പ സ്വദേശിനിയായ ഗോപിക എന്നിവരാണ് മരിച്ചത്. അപകടത്തിന്റെ സാഹചര്യങ്ങൾ, അമിതവേഗം, മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ, ഒപ്പമുണ്ടായിരുന്നവരുടെ പങ്ക് എന്നിവയിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed