Last Updated on 25 Oct 2026 • 7:05 AM by Openzone Online

ചെറുതോണി :മണ്ണിൽ കുഴിച്ചുമൂടപ്പെട്ട ലോഹത്തകിടുകൾ മുതൽ കാടുകൾക്കുള്ളിൽ കൂടുകൂട്ടിയിരിക്കുന്ന കടന്നലുകൾ വരെ അപകടഭീഷണി ഉയർത്തുന്ന തൊഴിൽമേഖലയാണ് ബ്രഷ് കട്ടർ ഉപയോഗിച്ച് പുല്ലും കാടും വെട്ടിത്തെളിക്കുന്ന ജോലി. നിരവധി അപകടസാധ്യതകൾ നേരിട്ടാണ് ഈ മേഖലയിലെ തൊഴിലാളികൾ ഉപജീവനം കണ്ടെത്തുന്നത്.
തൊഴിലാളികൾ നേരിടുന്ന ഇത്തരം പ്രശ്നങ്ങൾക്കും തൊഴിൽമേഖലയിലെ വെല്ലുവിളികൾക്കും പരിഹാരം കാണുന്നതിനൊപ്പം അവരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും അപകടങ്ങൾ സംഭവിക്കുന്ന സാഹചര്യങ്ങളിൽ ആവശ്യമായ സഹായം ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്.

അപകടസാധ്യതയുള്ള ജോലിയിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങൾ ഉറപ്പാക്കുക, ന്യായമായ കൂലി ലഭ്യമാക്കുക, യന്ത്രങ്ങളുടെ പരിപാലനച്ചെലവും ഇന്ധനവില വർധനയും മൂലമുണ്ടാകുന്ന സാമ്പത്തികബാധ്യത കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തുക, അപകട ഇൻഷുറൻസും ക്ഷേമപദ്ധതികളും ലഭ്യമാക്കുക തുടങ്ങിയവയാണ് ഈ മേഖലയിലെ തൊഴിലാളികൾ നേരിടുന്ന പ്രധാന ആവശ്യങ്ങൾ.
തൊഴിലാളികളുടെ പ്രശ്നങ്ങൾ കൂട്ടായി ഉന്നയിക്കുന്നതിനും അവയ്ക്ക് പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തുന്നതിനും സംഘടനയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുമാണ് കൂട്ടായ്മ ലക്ഷ്യമിടുന്നതെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കണ്ണൂർ പറഞ്ഞു.

കേരള ബ്രഷ് കട്ടർ തൊഴിലാളി കൂട്ടായ്മ പ്രസിഡന്റ് പുരുഷോത്തമൻ വളയം ഭദ്രദീപം തെളിയിച്ചു. ട്രഷറർ ഇർഷാദ് പരപ്പൻ സംഘടനയുടെ പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും വിശദീകരിച്ചു. ജോയിന്റ് സെക്രട്ടറി സുധൻ മുരിക്കാശ്ശേരി, നിഷാദ് സൂഫി, ജില്ലാ പ്രോഗ്രാം കൺവീനർ ഐസക് മരിയാപുരം, കോ-ഓർഡിനേഷൻ കമ്മിറ്റി അംഗം ജിന്റു ജോസഫ്, മനോജ് കെ.ഇ. എന്നിവർ പ്രസംഗിച്ചു. കൺവെൻഷനോടനുബന്ധിച്ച് തൊഴിലാളികൾക്ക് ആവശ്യമായ ഉപകരണങ്ങളുടെ എക്സിബിഷനും സംഘടിപ്പിച്ചിരുന്നു.


