Last Updated on 07 Oct 2026 • 4:02 AM by Openzone Online

Advertisement

കൊല്ലം: കൊല്ലം നീണ്ടകര സ്വദേശിനിയായ അഞ്ജു (24) ആണ് ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും ക്രൂര പീഡനത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ യുവതി നിലവിൽ കൊല്ലം ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ജൂലൈ 27-നായിരുന്നു അഞ്ജുവിന്റെ വിവാഹം. വിവാഹത്തിന് പിന്നാലെ സ്ത്രീധനം കുറഞ്ഞുപോയെന്നാരോപിച്ച് ഭർതൃവീട്ടിൽ നിന്ന് മാനസിക പീഡനം ആരംഭിച്ചെന്നാണ് പരാതി. തുടർന്ന് ഭർത്താവ് നന്ദു ദിനേഷ് അഞ്ജുവിനെ ജോലി ചെയ്യുന്ന സൗദി അറേബ്യയിലേക്ക് കൊണ്ടുപോയതോടെ പീഡനം ശാരീരിക മർദ്ദനത്തിലേക്ക് മാറിയെന്നാണ് ആരോപണം.

പ്രഷർ കുക്കറും കട്ടിങ് ബോർഡും ഉപയോഗിച്ച് തലയ്ക്കടിക്കുകയും ബെൽറ്റും കേബിളും ആട്ടുകല്ലും ഉപയോഗിച്ച് ശരീരമാസകലം മർദ്ദിക്കുകയും ബൂട്സ് ഉപയോഗിച്ച് ചവിട്ടുകയും ചെയ്തെന്നാണ് യുവതിയുടെ മൊഴി. കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി വ്യാജ ശബ്ദസന്ദേശങ്ങൾ റെക്കോർഡ് ചെയ്യിപ്പിച്ചതായും പരാതിയുണ്ട്.

ഒടുവിൽ നാട്ടിൽ തിരിച്ചെത്തിയ അഞ്ജുവിന്റെ ശരീരത്തിൽ 30-ലധികം പരിക്കുകളാണ് കണ്ടെത്തിയത്. പരിക്കുകൾ രേഖപ്പെടുത്താൻ മാത്രം മൂന്ന് പേജുള്ള മെഡിക്കൽ റിപ്പോർട്ട് തയ്യാറാക്കേണ്ടിവന്നതായാണ് വിവരം.സംഭവത്തിൽ ചവറ പോലീസ് കേസെടുത്തിട്ടുണ്ട്. വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളും ലുക്കൗട്ട് നോട്ടീസ് ഉൾപ്പെടെയുള്ള നിയമനടപടികളും പുരോഗമിക്കുകയാണ്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed