Last Updated on 20 Aug 2026 • 11:49 AM by Openzone Online

ചെറുതോണി :ഇടുക്കി ജില്ലയിൽ സംസ്ഥാന ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി വിപുലമായ ഓണാഘോഷ പരിപാടികൾക്ക് നാളെ തുടക്കമാകും. ടൂറിസം വകുപ്പ് അനുവദിച്ച 15.5 ലക്ഷം രൂപ ഉപയോഗിച്ച് ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി പഞ്ചായത്ത്, മുനിസിപ്പാലിറ്റി, വ്യാപാരി സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
ആഗസ്റ്റ് 21ന് രാവിലെ 10ന് ചെറുതോണിയിൽ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് പതാക ഉയർത്തുന്നതോടെ ജില്ലാതല ഓണാഘോഷത്തിന് തുടക്കമാകും. ഉച്ചയ്ക്ക് രണ്ടിന് ചെറുതോണി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് വിവിധ കലാരൂപങ്ങളും വാദ്യമേളങ്ങളും ഫ്ലോട്ടുകളും അണിനിരക്കുന്ന വർണശബളമായ വിളംബര ഘോഷയാത്ര ആരംഭിക്കും.

തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ മന്ത്രി അഡ്വ. സണ്ണി ജോസഫ് ജില്ലാതല ഓണാഘോഷം ഉദ്ഘാടനം ചെയ്യും.അഞ്ച് മണ്ഡലങ്ങളിലായി അത്തപ്പൂക്കള മത്സരം, മാവേലി മത്സരം, വടംവലി, വോളിബോൾ, ക്രിക്കറ്റ്, നാസിക് ഡോൾ മത്സരം തുടങ്ങി വിവിധ കലാ-കായിക പരിപാടികളും സംഘടിപ്പിക്കും. ആഗസ്റ്റ് 29ന് അഡ്വഞ്ചർ ടൂറിസം സെമിനാറും നടക്കും.
സെമിനാറിൽ പങ്കെടുക്കാൻ ഡി.ടി.പി.സി ഓഫീസിൽ രജിസ്റ്റർ ചെയ്യാം. ആഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 5 വരെയാണ് ജില്ലാതല ഓണാഘോഷ പരിപാടികൾ. ഇടുക്കി മണ്ഡലത്തിലെ ആഘോഷങ്ങൾക്ക് ആഗസ്റ്റ് 31ന് വൈകിട്ട് നാലിന് സമാപനമാകും. ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗാനമേളയും അരങ്ങേറും.
