Last Updated on 13 Feb 2026 • 2:05 PM by Openzone Online

ഇടുക്കി ജില്ലയിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ രൂപീകരിച്ചിരുന്ന പോക്സോ അതിവേഗ കോടതികൾ അടച്ചുപൂട്ടാനുള്ള നീക്കത്തിൽ കേന്ദ്രസർക്കാർ. ജില്ലയിൽ പ്രവർത്തിച്ചു വന്നിരുന്ന ഇടുക്കി, ദേവികുളം, കട്ടപ്പന, തൊടുപുഴ എന്നീ നാല് ഫാസ്റ്റ് ട്രാക്ക് കോടതികളുടെയും പ്രവർത്തന കാലാവധി മാർച്ച് 31ന് അവസാനിക്കും. കാലാവധി നീട്ടാതെ കോടതികൾ പൂട്ടുമെന്ന വിവരം പുറത്തുവന്നതോടെ നിയമവൃത്തങ്ങളിലും പൊതുജനങ്ങളിലും ആശങ്ക ഉയരുകയാണ്.

കേസുകൾ കെട്ടിക്കിടക്കുന്നു, നീതി വൈകുമോ?
ഈ കോടതികളിലായി നൂറുകണക്കിന് കേസുകളാണ് ഇപ്പോഴും വിധി കാത്തിരിക്കുന്നത്.ഇടുക്കി കോടതിയിൽ മാത്രം 50-ലധികം കേസുകൾ പരിഗണനയിൽ തുടരുകയാണ്. കോടതികൾ പൂട്ടിയാൽ ഇവയെല്ലാം ജില്ലാ കോടതിയിലേക്ക് മാറ്റേണ്ടിവരും. ഇതോടെ വിചാരണ നടപടികൾ വീണ്ടും വൈകുമെന്ന ഭയം ഉയരുന്നു.
2019ൽ ആരംഭിച്ച പ്രത്യേക പദ്ധതി
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസുകൾക്ക് വേഗത്തിൽ നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2019ൽ നിർഭയ ഫണ്ടിന്റെ സഹായത്തോടെ പോക്സോ അതിവേഗ കോടതികൾ ആരംഭിച്ചത്.പ്രവർത്തനച്ചിലവിന്റെ 60 ശതമാനം കേന്ദ്രസർക്കാരാണ് വഹിക്കുന്നത്. ഓരോ കോടതിയിലും ഒരു ജുഡീഷ്യൽ ഓഫീസറും അഞ്ച് ജീവനക്കാരുമുണ്ട്. എന്നാൽ ഇവരിൽ ഭൂരിഭാഗവും താൽക്കാലിക നിയമനമാണ്.
പഠന റിപ്പോർട്ട് നീട്ടാൻ ശുപാർശ ചെയ്തിട്ടും…
നാഷണൽ പ്രൊഡക്ടിവിറ്റി കൗൺസിലും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനും നടത്തിയ പഠനങ്ങളിൽ കോടതികളുടെ കാലാവധി നീട്ടണമെന്നാണ് ശുപാർശ.എന്നാൽ കേന്ദ്രത്തിന്റെ നിലപാട് വ്യത്യസ്തമാണ്.
‘95% കേസുകളും കള്ളക്കേസുകൾ’ എന്ന വിവാദ വാദവും ശക്തമാണ്.
കോടതികൾ അടച്ചുപൂട്ടുമ്പോൾ 95% പോക്സോ കേസുകളും fabricated ആണെന്ന വാദവും ശക്തമാണ്. തെളിവുകളുടെ അഭാവത്തിൽ പല കേസുകളും തള്ളപ്പെടുന്നുവെന്നാണ് വിലയിരുത്തൽ. എന്നാൽ നിയമവിദഗ്ധർ പറയുന്നത് — “കേസുകൾ തള്ളപ്പെടുന്നതു നീതി സംവിധാനത്തിന്റെ ദൗർബല്യം, കോടതികൾ അടയ്ക്കാനുള്ള കാരണം അല്ല” എന്നതാണ്. വണ്ടിപ്പെരിയാർ കേസ് ഉൾപ്പെടെയുള്ള കേസുകൾ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയതും അതിൽ പ്രതി എന്ന് വിളിക്കപ്പെട്ട ആൾ പ്രതിസ്ഥാനത്താണ് എന്ന് ഇപ്പോഴും ലോകം വിശ്വസിക്കുന്നു എങ്കിൽ പോലും ആ കേസുകൾ പോലും വെറുതെ വിടുകയാണ് ഉണ്ടായത്.
ഇനി വിചാരണ എവിടെ?
നാല് കോടതികളും അടച്ചുപൂട്ടിയാൽ, കേസുകൾ തൊടുപുഴയിലെ പ്രിൻസിപ്പൽ ജില്ലാ കോടതിയിലേക്കാണ് മാറ്റുക. ഇതോടെ കേസുകളുടെ എണ്ണം കൂടുകയും വിചാരണ വർഷങ്ങളോളം നീളുകയും ചെയ്യാൻ സാധ്യതയുണ്ട്.
ജനപ്രതികരണം ശക്തം
കുട്ടികളുടെ സുരക്ഷയും നീതിയും ഉറപ്പാക്കേണ്ട സമയത്ത് കോടതികൾ പൂട്ടുന്നത് വലിയ തിരിച്ചടിയാണെന്നാണ് പൊതുജനങ്ങളും സാമൂഹിക സംഘടനകളും പ്രതികരിക്കുന്നത്. “ഫാസ്റ്റ് ട്രാക്ക് കോടതി ഇല്ലെങ്കിൽ നീതി ഫാസ്റ്റ് ആകില്ല” എന്ന വിമർശനവും ശക്തമാകുന്നു.
