Last Updated on 21 Nov 2026 • 4:42 AM by Openzone Online

ചെറുതോണി: നാടിനും കേരളത്തിലെ മുഴുവൻ അംഗൻവാടി ജീവനക്കാർക്കും അപമാനമുണ്ടാക്കിയെന്ന് ആരോപിച്ച് കാമാക്ഷി ഗ്രാമപഞ്ചായത്തിലെ കരിക്കിന്മേട് അംഗൻവാടി വർക്കർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. വർക്കറെ സർവീസിൽനിന്ന് പുറത്താക്കണമെന്നും ഇവരെ സംരക്ഷിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഐസിഡിഎസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാർ പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
അംഗൻവാടിയുടെ പ്രവർത്തനസമയത്ത് വർക്കറും കുടുംബാംഗങ്ങളും ചേർന്ന് അംഗൻവാടിക്ക് മുന്നിൽവെച്ച് ഒരു പ്രദേശവാസിക്കെതിരെ നടത്തിയ അസഭ്യവർഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്.

സംഭവത്തിൽ നാട്ടുകാരും അംഗൻവാടി എ.എൽ.എം.എസ്.സി കമ്മിറ്റി അംഗങ്ങളും വകുപ്പ് മന്ത്രിക്കും വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്കും ജില്ലാ ഓഫീസർക്കും പരാതി നൽകിയിരുന്നു. എന്നാൽ പരാതികളിൽ ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും ഐസിഡിഎസ് ഇടുക്കി പ്രോജക്ട് വർക്കറെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും സമരക്കാർ ആരോപിച്ചു.
അംഗൻവാടിയുടെ പ്രവർത്തനസമയത്ത് സ്ഥാപനം മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതായും കുടുംബസ്വത്ത് പോലെ ദുരുപയോഗം ചെയ്യുന്നതായും നേരത്തെയും പരാതികൾ ഉയർന്നിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇതുസംബന്ധിച്ച് ഐസിഡിഎസ് സൂപ്പർവൈസർക്കും പഞ്ചായത്തിനും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ആരോപണം.
നിരന്തരം ആരോപണങ്ങൾ നേരിടുന്ന വർക്കറുടെ അടുത്തേക്ക് കുട്ടികളെ അയക്കാൻ തയ്യാറല്ലെന്നും നാട്ടുകാർ വ്യക്തമാക്കി.അംഗൻവാടിയിലെ കുഞ്ഞുങ്ങളുടെ മുന്നിൽവെച്ച് കേട്ടാൽ അറയ്ക്കുന്ന തരത്തിലുള്ള അസഭ്യവർഷം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന വർക്കറെ ജോലിയിൽനിന്ന് പിരിച്ചുവിടണമെന്നും ഇവരെ സംരക്ഷിക്കുന്ന ഐസിഡിഎസ് സൂപ്പർവൈസർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും പഞ്ചായത്ത് അംഗവും ആവശ്യപ്പെട്ടു.
വർക്കറെ സർവീസിൽനിന്ന് പുറത്താക്കുകയും ഇവരെ സംരക്ഷിക്കാൻ കൂട്ടുനിൽക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഐസിഡിഎസ് സൂപ്പർവൈസർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തില്ലെങ്കിൽ ഡിസംബർ 9ന് രാവിലെ പൈനാവിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ വനിതാ ശിശു വികസന വകുപ്പ് ഓഫീസിന് മുന്നിൽ കൂട്ടധർണ നടത്തുമെന്ന് സമരസമിതി അറിയിച്ചു. അംഗൻവാടി എ.എൽ.എം.എസ്.സി കമ്മിറ്റിയുടെയും നാട്ടുകാരുടെയും നേതൃത്വത്തിലായിരിക്കും ധർണ സംഘടിപ്പിക്കുക.

