Last Updated on 20 Nov 2026 • 10:58 AM by Openzone Online

ചെറുതോണി: വനംവകുപ്പിന്റെ ഇടപെടലിനെ തുടർന്ന് വള്ളാടിപ്പടി-മുല്ലക്കാനം-ലക്ഷം കവല റോഡ് ഗതാഗതയോഗ്യമാക്കാനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതോടെ ദുരിതത്തിലായി എഴുപതോളം കുടുംബങ്ങൾ. വനഭൂമിയിലൂടെ റോഡ് നിർമ്മാണം അനുവദിക്കാനാകില്ലെന്ന വനംവകുപ്പിന്റെ നിലപാടാണ് റോഡിന്റെ ശേഷിക്കുന്ന ഭാഗങ്ങളിലെ പ്രവൃത്തികൾക്ക് തടസ്സമാകുന്നതെന്നാണ് പ്രദേശവാസികളുടെ പരാതി.
റോഡിന്റെ രണ്ടു ഭാഗങ്ങളിലായി ഏകദേശം 40 മീറ്ററും 60 മീറ്ററും ദൂരത്തിലാണ് ടാറിങ് ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകാനുള്ളത്. ഈ ഭാഗങ്ങൾ കൂടി ഗതാഗതയോഗ്യമാക്കിയാൽ പ്രദേശവാസികളുടെ യാത്രാദുരിതത്തിന് വലിയ പരിഹാരമാകും. എന്നാൽ വനംവകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ പ്രവൃത്തികൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നില്ല.
റോഡിന് സമീപത്തായി വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഏകദേശം 20 ഏക്കറോളം സ്ഥലമുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് റോഡ് നിർമ്മാണത്തിന് തടസ്സം നേരിടുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ടാറിങ് മാത്രമല്ല, നാട്ടുകാർ സ്വന്തം നിലയിൽ ശ്രമദാനത്തിലൂടെ കോൺക്രീറ്റ് ചെയ്ത് റോഡ് സഞ്ചാരയോഗ്യമാക്കാൻ തയ്യാറായിട്ടും വനംവകുപ്പ് അനുവദിക്കുന്നില്ലെന്നാണ് ആരോപണം.

പ്രവൃത്തികൾ നടത്തിയാൽ കേസെടുക്കുമെന്ന മുന്നറിയിപ്പും ലഭിച്ചതായി പ്രദേശവാസികൾ പറയുന്നു.മഴക്കാലമെത്തുന്നതോടെ ചെളി നിറഞ്ഞ റോഡിലൂടെയുള്ള യാത്ര കൂടുതൽ ദുഷ്കരമാകും. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ദൈനംദിന യാത്രയ്ക്ക് ഈ റോഡിനെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യത്തിൽ നിർമ്മാണം പൂർത്തിയാക്കാനാകാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

വർഷങ്ങളായി തുടരുന്ന യാത്രാദുരിതത്തിന് പരിഹാരം കാണാൻ വനംവകുപ്പും തദ്ദേശസ്ഥാപനവും തമ്മിൽ ആവശ്യമായ ചർച്ചകൾ നടത്തി തടസ്സം നീക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. വിഷയത്തിൽ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെട്ട് റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

