Last Updated on 18 Nov 2026 • 4:39 PM by Openzone Online

ചെറുതോണി: ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് ബാലാവകാശങ്ങളെക്കുറിച്ചും ചൈൽഡ് ഹെൽപ് ലൈൻ സേവനങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി ‘Reach Out 1098 – A Friend in Need’ എന്ന പേരിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ് ലൈൻ ഇടുക്കി ഓഫീസിന്റെ ആഭിമുഖ്യത്തിൽ പൈനാവിലെ ജില്ലാ ഓഫീസിലായിരുന്നു പരിപാടി.

വാഴത്തോപ്പ് ഗിരിജ്യോതി സി.എം.ഐ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.ചൈൽഡ് ഹെൽപ് ലൈൻ സേവനങ്ങളെക്കുറിച്ചും കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും കുട്ടികളിൽ അവബോധം വളർത്തുന്നതിനും സഹായം ആവശ്യമായ സാഹചര്യങ്ങളിൽ 1098 എന്ന ഹെൽപ് ലൈൻ നമ്പറിന്റെ സേവനം പ്രയോജനപ്പെടുത്തുന്നതിനും പരിപാടി സഹായകരമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കോ ഓർഡിനേറ്റർ ഗീതു എം.ടി പറഞ്ഞു. സൂപ്പർവൈസർ നീതു ജോസഫ് സ്വാഗതം ആശംസിച്ചു.
ചൈൽഡ് ഹെൽപ് ലൈൻ പ്രവർത്തനങ്ങളെക്കുറിച്ച് കൗൺസിലർ ടോംസി മാണിയും കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് കേസ് വർക്കർ രഞ്ജിത് ടോമും ക്ലാസുകൾ നയിച്ചു. സൂപ്പർവൈസർ ശാന്തിനി എസ്, കേസ് വർക്കർമാരായ അനൂപ് കെ. സുരേഷ്, ശ്രുതി രാജൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

