Last Updated on 16 Nov 2026 • 11:22 AM by Openzone Online

കമ്പിളികണ്ടം: കൊന്നത്തടി പഞ്ചായത്തിലെ കമ്പിളികണ്ടം ടൗണിൽ ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ വഴിയോര വിശ്രമകേന്ദ്രം പ്രവർത്തനം ആരംഭിക്കാത്തത് ചർച്ചയാകുന്നു. നിർമ്മാണം പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാത്തതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാണ്.
മുൻ എൽഡിഎഫ് ഭരണസമിതിയുടെ കാലത്ത് 30 ലക്ഷം രൂപ ചെലവഴിച്ചാണ് വിശ്രമകേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. അടിമാലി, നെടുങ്കണ്ടം, മുരിക്കാശ്ശേരി ഭാഗങ്ങളിലേക്ക് യാത്ര തിരിക്കുന്നവരുടെ പ്രധാന ജംഗ്ഷനായ കമ്പിളികണ്ടത്ത് എത്തുന്ന യാത്രക്കാർക്കും വ്യാപാരികൾക്കും പ്രയോജനപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.

കംഫർട്ട് സ്റ്റേഷൻ, വിശ്രമസ്ഥലം, കടമുറി എന്നിവ ഉൾപ്പെടുത്തിയാണ് കേന്ദ്രം നിർമ്മിച്ചിരിക്കുന്നത്.കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്ത് രണ്ട് ജീവനക്കാരെ നിയോഗിച്ച് കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പിന് പിന്നാലെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു. തുടർന്ന് അധികാരത്തിലെത്തിയ യുഡിഎഫ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയും കേന്ദ്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് പൊതുപ്രവർത്തകനായ ഇ.എൻ. രാധാകൃഷ്ണൻ ആരോപിക്കുന്നത്.
ദിവസേന സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാർ എത്തുന്ന ടൗണിൽ പ്രാഥമിക ആവശ്യങ്ങൾക്കായി നിലവിൽ ഹോട്ടലുകളെയാണ് പലരും ആശ്രയിക്കുന്നത്. പൊതുജനങ്ങളുടെ സൗകര്യത്തിനായി നിർമ്മിച്ച കേന്ദ്രം എത്രയും വേഗം പ്രവർത്തനസജ്ജമാക്കണമെന്നാണ് ആവശ്യം. നടപടി വൈകിയാൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ബിജെപി മുക്കുടം ഏരിയ കമ്മിറ്റി ഭാരവാഹികളും അറിയിച്ചു.

