Last Updated on 10 Nov 2026 • 1:52 PM by Openzone Online

രാജാക്കാട് : ഇടുക്കി ശാന്തൻപാറയിലെ ചേരിയാറിനെ നടുക്കി ക്രൂരമായ കൊലപാതകം. ഒറ്റപ്പെട്ട വീട്ടിൽ തനിച്ച് താമസിച്ചിരുന്ന റാണി (57) യെയാണ് വീടിന് സമീപം അതീവ വികൃതമാക്കിയ നിലയിൽ കണ്ടെത്തിയത്. വലതുകൈയുടെ ഭാഗം മുറിച്ചുമാറ്റിയ നിലയിലും തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിലയിലുമായിരുന്നു മൃതദേഹം.
സംഭവത്തിൽ ദുരൂഹതയേറുന്നതിനിടെ സമീപത്തെ വീട്ടിൽ താമസിച്ചിരുന്ന രണ്ട് അതിഥി തൊഴിലാളികളെ കാണാതായതും അന്വേഷണത്തിന് നിർണായകമായിട്ടുണ്ട്.ചേരിയാർ സ്വദേശിനിയായ റാണി വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. കഴിഞ്ഞ ദിവസം പള്ളിയിൽ പോയി മടങ്ങിയെത്തിയ റാണിയെ പിന്നീട് അയൽവാസികൾ കണ്ടിരുന്നില്ല.
ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ സമീപത്ത് താമസിക്കുന്ന വയോധിക അന്വേഷിച്ച് വീട്ടിലെത്തി. വാതിലുകൾ തുറന്നുകിടക്കുകയായിരുന്നു. തുടർന്ന് വീടിന്റെ പരിസരത്ത് നടത്തിയ തിരച്ചിലിലാണ് സമീപത്തെ നടപ്പാതയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.
വലതുകൈയുടെ ഭാഗം മുറിച്ചുമാറ്റിയ നിലയിലായിരുന്നു മൃതദേഹം. കൈയുടെ ഭാഗത്ത് അസ്ഥി മാത്രം അവശേഷിച്ചിരുന്നതായാണ് വിവരം. തലയ്ക്കും ഗുരുതരമായ പരുക്കുകളുണ്ട്. അതിക്രൂരമായ കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പ്രദേശത്ത് രക്തക്കറകളും റാണിയുടേതെന്ന് സംശയിക്കുന്ന ചെരിപ്പുകളും കണ്ടെത്തിയിട്ടുണ്ട്.വിവരമറിഞ്ഞ് ശാന്തൻപാറ പൊലീസ് സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി. ജില്ലാ പൊലീസ് മേധാവി ഡോ. എ.എൻ. നസീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.അതിനിടെ, മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തെ വീട്ടിൽ താമസിച്ചിരുന്ന രണ്ട് അതിഥി തൊഴിലാളികളെ കഴിഞ്ഞ രണ്ട് ദിവസമായി കാണാനില്ലെന്ന വിവരവും പുറത്തുവന്നു.
ഇവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇവർക്ക് കൊലപാതകവുമായി ബന്ധമുണ്ടോയെന്ന കാര്യവും പരിശോധിച്ചുവരികയാണ്.ജില്ലാ പൊലീസ് മേധാവി ഡോ. എ.എൻ. നസീം, ഇടുക്കി ഡിവൈഎസ്പി കെ.ആർ. മോഹൻദാസ്, മൂന്നാർ എഎസ്പി അമൃത സതീപൻ എന്നിവർ സ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നൽകി.റാണിയുടെ മുൻകാല ജീവിതവും സംഭവത്തിൽ ശ്രദ്ധേയമാണ്.
25 വർഷം മുമ്പ് തമിഴ്നാട്ടിലെ തേനിയിൽ ഭർത്താവ് ബാലഗുരുവിനെ കൊലപ്പെടുത്തിയ കേസിൽ റാണിയെ തേനി പൊലീസ് അറസ്റ്റ് ചെയ്തിരുന്നതായാണ് വിവരം. പിന്നീട് കേരളത്തിലെത്തിയ ഇവർ ചേരിയാറിൽ സ്ഥലം വാങ്ങി താമസമാരംഭിക്കുകയായിരുന്നു. മക്കളായ റൂബനും ഡേവിഡും മൂന്നാറിലാണ് താമസം.റാണിയുടെ കൊലപാതകത്തിന് പിന്നിലെ കാരണം എന്താണ്? കാണാതായ രണ്ട് അതിഥി തൊഴിലാളികൾക്ക് സംഭവവുമായി ബന്ധമുണ്ടോ? ചേരിയാറിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിക്കാൻ പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

