Last Updated on 01 Nov 2026 • 10:59 AM by Openzone Online

ചെറുതോണി: വനത്തിനുള്ളിലെ ഒറ്റപ്പെട്ട ആദിവാസി ഗ്രാമമായ ഇടമലക്കുടിയിൽ രോഗം ബാധിച്ച ഒരാളെ ആശുപത്രിയിലെത്തിക്കാൻ ഇന്നും ആശ്രയം തുണിമഞ്ചൽ. ഇടമലക്കുടി കൂഡല്ലാർകുടിയിലെ അശോകൻ (50) ആണ് ദിവസങ്ങളായി പനി ബാധിച്ച് കിടപ്പിലായതിനെത്തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ തുണിമഞ്ചലിൽ ചുമന്ന് ആശുപത്രിയിലെത്തിച്ചത്.
രോഗം കലശലായതോടെ ഇന്ന് കുടിയിലെ ആളുകൾ ഒന്നിച്ചുചേർന്ന് തുണി ഉപയോഗിച്ച് മഞ്ചൽ കെട്ടി അശോകനെ അതിൽ കിടത്തി നാല് കിലോമീറ്ററോളം ദൂരം ചുമന്നാണ് റോഡിലെത്തിച്ചത്. വനത്തിലൂടെയുള്ള ദുർഘടമായ പാത താണ്ടി മാങ്കുളം ആനക്കുളത്താണ് രോഗിയെ എത്തിച്ചത്.

തുടർന്ന് വാഹനത്തിൽ കയറ്റി അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രോഗം ബാധിച്ചാൽ ആംബുലൻസിന്റെ സഹായം തേടേണ്ടിടത്ത് വനപാതയിലൂടെ മനുഷ്യർ തന്നെ ചുമന്ന് രോഗിയെ പുറത്തെത്തിക്കേണ്ടിവരുന്ന അവസ്ഥയാണ് ഇടമലക്കുടിയിലേത്.
വികസനത്തിന്റെ വാഗ്ദാനങ്ങൾക്കിടയിലും അടിയന്തര ചികിത്സയ്ക്കായി കിലോമീറ്ററുകൾ മഞ്ചലിൽ ചുമക്കേണ്ടിവരുന്ന ഈ കാഴ്ച വീണ്ടും ഉയർത്തുന്നത് ആദിവാസി മേഖലയിലെ ആരോഗ്യ-ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയെക്കുറിച്ചുള്ള ചോദ്യങ്ങളാണ്.

