Last Updated on 31 Oct 2026 • 12:02 PM by Openzone Online

Advertisement

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17-കാരന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നൽകിയ ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ഹർജി വീണ്ടും പരിഗണിക്കാൻ മാറ്റിയത്. കേസിൽ പ്രോസിക്യൂഷനെ രൂക്ഷമായി വിമർശിച്ച കോടതി, അന്വേഷണ ഉദ്യോഗസ്ഥർ തിങ്കളാഴ്ച നേരിട്ട് ഹാജരാകണമെന്നും നിർദേശിച്ചു.

പ്രായപൂർത്തിയാകാത്ത കുട്ടിയുടെ വിവരങ്ങൾ ചോർന്നതിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. സൈബർ പോലീസ് ഇക്കാര്യത്തിൽ എന്ത് ചെയ്യുകയായിരുന്നുവെന്നും കോടതി ആരാഞ്ഞു.

പ്രായപൂർത്തിയാകാത്ത കുട്ടിയെ കുറ്റവാളി എന്നുപോലും വിശേഷിപ്പിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കുട്ടിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കാനും നിർദേശിച്ചു. ഇതുസംബന്ധിച്ച് സൈബർ പോലീസ് സ്വീകരിച്ച നടപടികൾ വ്യക്തമാക്കുന്ന റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കണം. കേസിന്റെ കേസ് ഡയറിയും അന്നുതന്നെ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു.

അതേസമയം, നരഹത്യാക്കുറ്റത്തിൽ ജാമ്യാപേക്ഷ പരിഗണിക്കാൻ ജുവനൈൽ ജസ്റ്റിസ് ബോർഡിന് അധികാരമില്ലെന്നും രേഖകൾ കൃത്യമായി പരിശോധിക്കാതെയാണ് ബോർഡ് ജാമ്യം അനുവദിച്ചതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. 17-കാരനെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടു.

തട്ടുകടയിലെ ജോലി കഴിഞ്ഞ് പുലർച്ചെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്കൂട്ടർ യാത്രികനായ ജയപാലകൃഷ്ണനാണ് അപകടത്തിൽ മരിച്ചത്. 17-കാരൻ ഓടിച്ചിരുന്ന ബെൻസ് കാർ അമിതവേഗത്തിലെത്തി സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകരുകയും ജയപാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചുവീഴുകയും ചെയ്തു. സ്കൂട്ടറിൽ ഉണ്ടായിരുന്ന അരി ഉൾപ്പെടെയുള്ള സാധനങ്ങൾ റോഡിൽ മീറ്ററുകളോളം ദൂരത്തേക്ക് ചിതറിത്തെറിച്ചിരുന്നു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed