Last Updated on 30 Oct 2026 • 4:17 PM by Openzone Online

ഇടുക്കി: പ്രവാസി കേരളീയർക്കും അവരുടെ കുടുംബാംഗങ്ങൾക്കും കേരളത്തിൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിക്ഷേപം നടത്തുന്നതിനുമായി നോർക്ക പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പദ്ധതി നടപ്പാക്കുന്നു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായാണ് വ്യവസായ വകുപ്പിന്റെ പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പദ്ധതിയുടെ മാതൃകയിൽ നോർക്ക പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
അടിസ്ഥാന സൗകര്യ വികസനത്തിനായി പരമാവധി മൂന്ന് കോടി രൂപ വരെ സർക്കാർ റീഇംബേഴ്സ്മെന്റായി നൽകും. പ്രവാസികൾക്കും മടങ്ങിയെത്തിയ പ്രവാസികൾക്കും കേരളത്തിന്റെ വ്യവസായ വളർച്ചയിൽ പങ്കാളികളാകാനും നിക്ഷേപം നടത്താനും അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ആഗോള നിക്ഷേപകരുടെ ആവശ്യങ്ങൾക്കനുസരിച്ച് പ്രത്യേക വ്യവസായ മേഖലകൾ രൂപീകരിക്കുക, പ്രവാസികളുടെ പങ്കാളിത്തത്തോടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സാങ്കേതികവിദ്യ കൈമാറ്റം പ്രോത്സാഹിപ്പിക്കുക, വ്യവസായ ഭൂമിയുടെ ലഭ്യതക്കുറവ് പരിഹരിക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.
നോർക്ക പ്രവാസി ഐ.ഡി കാർഡുള്ള പ്രവാസികൾ, മടങ്ങിയെത്തിയ പ്രവാസികൾ, ഇവരുടെ കുടുംബാംഗങ്ങളായ ഭാര്യ, ഭർത്താവ്, മക്കൾ എന്നിവർക്ക് പദ്ധതിയിൽ അപേക്ഷിക്കാം. ഇവരിലൊരാൾ മുഖ്യ ഓഹരി ഉടമയായുള്ള കമ്പനികൾ, സഹകരണ സ്ഥാപനങ്ങൾ, ചാരിറ്റബിൾ സൊസൈറ്റികൾ, രജിസ്റ്റർ ചെയ്ത സംഘങ്ങൾ, പാർട്ണർഷിപ്പ് സ്ഥാപനങ്ങൾ, എം.എസ്.എം.ഇ കൺസോർഷ്യങ്ങൾ എന്നിവയ്ക്കും അർഹതയുണ്ട്.
കേരളത്തിൽ മൂന്ന് മുതൽ ഏഴ് ഏക്കർ വരെ ഭൂമിയുള്ളവർക്ക് സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി (എസ്.ഡി.എഫ്) വികസിപ്പിക്കുന്നതിനും ഏഴ് മുതൽ 15 ഏക്കർ വരെ ഭൂമിയുള്ളവർക്ക് പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് വികസിപ്പിക്കുന്നതിനും അപേക്ഷിക്കാം. ഭൂമി സ്വന്തമായുള്ളതോ കുറഞ്ഞത് 30 വർഷത്തെ പാട്ടവ്യവസ്ഥയിൽ ലഭ്യമായതോ ആയിരിക്കണം. പദ്ധതിയിൽ കുറഞ്ഞത് അഞ്ച് വ്യവസായ യൂണിറ്റുകളെങ്കിലും ഉണ്ടായിരിക്കണം.
അർഹരായവർ വ്യവസായ വാണിജ്യ ഡയറക്ടർക്ക് അപേക്ഷ സമർപ്പിക്കണം. വിവിധ വകുപ്പുകളുടെ സെക്രട്ടറിമാർ ഉൾപ്പെടുന്ന സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് വ്യവസായ വകുപ്പ് ഡെവലപ്പർ പെർമിറ്റ് അനുവദിക്കുന്നത്. പെർമിറ്റ് ലഭിക്കുന്നവർക്ക് കെട്ടിട നിർമാണ ചട്ടങ്ങൾ പ്രകാരമുള്ള അനുമതിയും സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡിന്റെ സേവനങ്ങളും ലഭ്യമാകും.
റോഡ്, വൈദ്യുതി, സോളാർ സംവിധാനം, മാലിന്യ സംസ്കരണത്തിനുള്ള ഇ.ടി.പി/സി.ഇ.ടി.പി സംവിധാനങ്ങൾ, ലബോറട്ടറി, തൊഴിലാളികൾക്കുള്ള താമസസൗകര്യം, കാന്റീൻ തുടങ്ങിയ പൊതുസൗകര്യങ്ങൾ ഒരുക്കുന്നതിനും എസ്.ഡി.എഫ് കെട്ടിട നിർമാണത്തിനുമാണ് സർക്കാർ ധനസഹായം ലഭിക്കുക. ഇതിനായി പരമാവധി മൂന്ന് കോടി രൂപ വരെ റീഇംബേഴ്സ്മെന്റായി അനുവദിക്കും.
പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ നടപടികൾക്കുമായി ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തെയും താലൂക്ക് വ്യവസായ ഓഫീസുകളെയും ബന്ധപ്പെടാം.
ബന്ധപ്പെടേണ്ട നമ്പറുകൾ:
- ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രം: 9188401706
- താലൂക്ക് വ്യവസായ ഓഫീസ്, തൊടുപുഴ: 9188127095, 9188127096, 9188127098
- താലൂക്ക് വ്യവസായ ഓഫീസ്, ഉടുമ്പൻചോല: 9188127099
- താലൂക്ക് വ്യവസായ ഓഫീസ്, ദേവികുളം: 9188127100
- താലൂക്ക് വ്യവസായ ഓഫീസ്, പീരുമേട്: 9188127097

