Last Updated on 23 Oct 2026 • 3:27 PM by Openzone Online

Advertisement

ചെറുതോണി : ജലജീവൻ മിഷൻ പൈപ്പിടൽ ജോലികൾക്കു പിന്നാലെ റോഡ് തകർന്നതോടെ കാൽനടയാത്ര പോലും ദുഷ്കരമായി. വാഴത്തോപ്പ് പഞ്ചായത്തിലെ മൂന്നും നാലും വാർഡുകളിലൂടെ കടന്നുപോകുന്ന കാപ്പിക്കവല–മേക്കൽപ്പടി–അശോക കവല റോഡാണ് സഞ്ചാരയോഗ്യമല്ലാത്ത നിലയിലായത്.

സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ ഇതുവഴി കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇരുചക്രവാഹനങ്ങൾക്കും ചെറുവാഹനങ്ങൾക്കും സഞ്ചരിക്കാൻ ബുദ്ധിമുട്ടായതോടെ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്.

കരിമ്പൻ കുട്ടപ്പൻ സിറ്റി റോഡിൽനിന്നാണ് കാപ്പിക്കവല–മേക്കൽപ്പടി–അശോക് കവല റോഡ് ആരംഭിക്കുന്നത്. വാഴത്തോപ്പ്, കഞ്ഞിക്കുഴി പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിനായി റോഡിന്റെ ഇരുവശങ്ങളിലും പൈപ്പുകൾ സ്ഥാപിക്കുന്നതിനായി ടാറിങ് വെട്ടിപ്പൊളിച്ച് കുഴിയെടുത്തിരുന്നു.

പൈപ്പിടൽ പൂർത്തിയായെങ്കിലും റോഡ് പൂർവസ്ഥിതിയിലാക്കാത്തതാണ് നിലവിലെ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജലജീവൻ മിഷൻ അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കും ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതർക്കും പ്രദേശവാസികൾ പരാതി നൽകിയിട്ടുണ്ട്. എന്നാൽ പരാതികളിൽ ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

റോഡ് തകർന്നുകിടക്കുന്നതിനാൽ വിദ്യാർഥികളുടെയും വാഹനയാത്രക്കാരുടെയും സുരക്ഷ അപകടത്തിലാണെന്നും അപകടസാധ്യത ഒഴിവാക്കാൻ അടിയന്തരമായി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ബന്ധപ്പെട്ട അധികൃതർ ഉടൻ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *