Last Updated on 22 Oct 2026 • 5:59 AM by Openzone Online

ഇടുക്കി: വിനോദയാത്രയ്ക്കൊപ്പം അറിവും പകരാൻ കെഎസ്ആർടിസിയുടെ പുതിയ പദ്ധതിയായ ‘വിജ്ഞാന ദർശിനി’. സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ വിജ്ഞാനപ്രദമായ യാത്രകൾ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടം തിരുവനന്തപുരം ജില്ലയെ കേന്ദ്രീകരിച്ചാണ് ആരംഭിച്ചിരിക്കുന്നതെങ്കിലും പദ്ധതി കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിച്ചാൽ ഇടുക്കിയിലെ വിദ്യാർഥികൾക്കും വലിയ നേട്ടമാകും.ആദിവാസി വിഭാഗങ്ങളിലെയും മറ്റ് പിന്നാക്ക വിഭാഗങ്ങളിലെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെയും നിരവധി കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലയങ്ങൾ ഇടുക്കിയിലുണ്ട്.
സാമ്പത്തിക പരിമിതികൾ കാരണം വിനോദസഞ്ചാര കേന്ദ്രങ്ങളും ശാസ്ത്ര-ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും നേരിട്ട് സന്ദർശിക്കാൻ കഴിയാത്ത കുട്ടികൾക്ക് ഇത്തരം പഠനയാത്രകൾ പുതിയ അനുഭവങ്ങളുടെ ലോകം തുറക്കും. ക്ലാസ് മുറികളിലെ പഠനത്തിനൊപ്പം പ്രകൃതിയെയും പരിസ്ഥിതിയെയും ചരിത്രത്തെയും നേരിട്ടറിയാനുള്ള അവസരവും ഇതിലൂടെ ലഭിക്കും.മുൻവർഷങ്ങളിൽ കെഎസ്ആർടിസി വിദ്യാർഥികളുമായി കോടനാട്, എയർപോർട്ട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പഠനയാത്രകൾ സംഘടിപ്പിച്ചിരുന്നു.
ഈ പശ്ചാത്തലത്തിൽ ‘വിജ്ഞാന ദർശിനി’ പോലുള്ള പദ്ധതികൾ ഇടുക്കിയിലും വിപുലമായി നടപ്പാക്കണമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികളും അധ്യാപകരും.ഇടുക്കിയിൽ ഇത്തരം പഠനയാത്രകൾക്ക് വലിയ സാധ്യതകളാണുള്ളത്. മൂന്നാറിലെ ഇരവികുളം ദേശീയോദ്യാനം, വട്ടവടയിലെ ശീതകാല പച്ചക്കറിത്തോട്ടങ്ങൾ, ചിന്നാർ വന്യജീവി സങ്കേതം, ഇടുക്കി ആർച്ച് ഡാം, കുയിലിമല വിനോദസഞ്ചാര കേന്ദ്രം തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിദ്യാർഥികൾക്ക് യാത്ര ചെയ്യാൻ അവസരമൊരുക്കാനാകും. വന്യജീവി സംരക്ഷണം, ജൈവവൈവിധ്യം, പരിസ്ഥിതി, കൃഷി, ജലവൈദ്യുതി തുടങ്ങിയ വിഷയങ്ങൾ നേരിട്ട് മനസ്സിലാക്കാനും ഇത്തരം യാത്രകൾ കുട്ടികളെ സഹായിക്കും.

ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് ‘വിജ്ഞാന ദർശിനി’ പദ്ധതി നടപ്പാക്കുന്നത്. ഇടുക്കിയിലും അനുയോജ്യമായ പഠനയാത്രാ പാക്കേജുകൾ ഒരുക്കിയാൽ സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികൾ ഉൾപ്പെടെ കൂടുതൽ വിദ്യാർഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സാമ്പത്തിക പരിമിതികൾ കുട്ടികളുടെ പഠനാനുഭവങ്ങൾക്ക് തടസ്സമാകാതിരിക്കാൻ ഇത്തരം പദ്ധതികൾ ജില്ലയിൽ പ്രയോജനപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നു.വിജ്ഞാന ദർശിനി – ഇടുക്കി ജില്ലാ കോ-ഓർഡിനേറ്റർ📞 9188938527

