Last Updated on 21 Oct 2026 • 11:50 AM by Openzone Online

ഇടുക്കി: എ.ഐ.സി.സി.യുടെ പ്രധാന പോഷക വിഭാഗമായ ഓൾ ഇന്ത്യ അൺഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസിന്റെ (AIUWEC) സംസ്ഥാന ചെയർമാനായി ഇടുക്കി സ്വദേശി എ.പി. ഉസ്മാൻ ചുമതലയേറ്റു. ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം കെ.പി.സി.സി. ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.
രാജ്യത്ത് നിലവിലുള്ള സർക്കാർ തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കുന്ന നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് എ.പി. ഉസ്മാൻ പറഞ്ഞു. രാജ്യത്തെ ഏകദേശം 60 കോടി ജനങ്ങൾ അസംഘടിത തൊഴിൽമേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണ്.
കരാർ തൊഴിലാളികൾ, അംഗൻവാടി ജീവനക്കാർ, തുണിക്കടകളിലെ ജീവനക്കാർ തുടങ്ങി നിരവധി വിഭാഗങ്ങൾ തൊഴിൽസുരക്ഷയും അർഹമായ ആനുകൂല്യങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വെല്ലുവിളികൾ നേരിടുന്നുണ്ട്. ഇവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ക്ഷേമത്തിന് മുൻഗണന നൽകുന്നതിനുമാണ് പുതിയ ചുമതല ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ സംസ്ഥാന പ്രസിഡന്റ് സവിൻ സത്യന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി., എം.എൽ.എമാരായ എം. വിൻസെന്റ്, ഉമ തോമസ്, അഡ്വ. സേനാപതി വേണു, അഡ്വ. സിറിയക് തോമസ്, ബൈജു കെ.ആർ., രാഷ്ട്രീയകാര്യസമിതി അംഗം ജോസഫ് വാഴക്കൻ, AIUWEC ജനറൽ സെക്രട്ടറി ബി. വേണുഗോപാൽ സ്വാമി എന്നിവർ പങ്കെടുത്തു.

കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ നെയ്യാറ്റിൻകര സനൽ, ടി. ശരത്ചന്ദ്രപ്രസാദ്, അഡ്വ. എസ്. അശോകൻ, മണക്കാട് സുരേഷ്, ആർ. ലക്ഷ്മി, മുൻ ഡി.സി.സി. പ്രസിഡന്റ് അഡ്വ. ജോയ് തോമസ്, കെ.പി.സി.സി. സെക്രട്ടറി എം.എൻ. ഗോപി തുടങ്ങിയവരും ആശംസകൾ നേർന്നു.സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, വിവിധ സംഘടനകളുടെ നേതാക്കൾ എന്നിവർക്കൊപ്പം ഇടുക്കിയിൽനിന്നുള്ള ഡി.സി.സി. ഭാരവാഹികൾ, ഐ.എൻ.ടി.യു.സി. നേതാക്കൾ, ബ്ലോക്ക്–മണ്ഡലം പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
പൊതുപ്രവർത്തനരംഗത്ത് ഇതുവരെ ഒപ്പം നിന്ന സഹപ്രവർത്തകരുടെ സാന്നിധ്യവും പിന്തുണയും വലിയ കരുത്താണെന്ന് എ.പി. ഉസ്മാൻ പറഞ്ഞു. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ അവകാശസംരക്ഷണം, ക്ഷേമപദ്ധതികൾ, തൊഴിൽസുരക്ഷ, അർഹമായ ആനുകൂല്യങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകി പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്നും പുതിയ ഉത്തരവാദിത്വം നിർവഹിക്കാൻ സഹപ്രവർത്തകരുടെ പിന്തുണയും സഹകരണവും തുടർന്നും ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

