Last Updated on 20 Oct 2026 • 10:46 AM by Openzone Online

ചെറുതോണി: അടിമാലി–കുമളി ദേശീയപാതയിൽ ചെറുതോണിക്കും ഇടുക്കിക്കുമിടയിൽ റോഡിലേക്ക് ചാഞ്ഞുനിന്ന ഈറ്റക്കാടുകൾ വെട്ടിമാറ്റി നാഷണൽ ഹൈവേ വിഭാഗം. വാഹനയാത്രക്കാർക്ക് അപകടഭീഷണി ഉയർത്തുന്ന ഈറ്റക്കാടുകളെക്കുറിച്ച് ഓപ്പൺസോൺ ഇന്നലെ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അടിയന്തര ഇടപെടൽ.
വാർത്ത ശ്രദ്ധയിൽപ്പെട്ട ജില്ലാ കളക്ടർ ഇന്നലെ വൈകുന്നേരം തന്നെ നാഷണൽ ഹൈവേ വിഭാഗം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി റോഡിലേക്ക് ചാഞ്ഞുനിന്ന ഈറ്റക്കാടുകൾ വെട്ടിമാറ്റുകയായിരുന്നു. അപകടസാധ്യത ഉയർത്തിയിരുന്ന കാടുകൾ ഒരു ദിവസത്തിനുള്ളിൽ തന്നെ നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചു.
ഏതാനും നാളുകൾക്കുമുമ്പ് ഈ മേഖലയിൽ മ്ലാവ് റോഡ് മുറിച്ചുകടന്നതിനെത്തുടർന്ന് ബൈക്ക് യാത്രികൻ അപകടത്തിൽപ്പെട്ടിരുന്നു. കാട്ടുപന്നികളും മറ്റ് വന്യജീവികളും റോഡ് മുറിച്ചുകടക്കുന്ന മേഖല കൂടിയാണിത്. വന്യജീവികളുടെ സാന്നിധ്യത്തിനൊപ്പം റോഡിലേക്ക് ചാഞ്ഞുനിന്ന ഈറ്റക്കാടുകളും വാഹനയാത്രക്കാർക്ക് വലിയ വെല്ലുവിളിയായിരുന്നു.
രാത്രികാലങ്ങളിലാണ് അപകടസാധ്യത കൂടുതൽ രൂക്ഷമായിരുന്നത്. ആവശ്യത്തിന് തെരുവുവിളക്കുകളില്ലാത്തതിനാൽ വെളിച്ചക്കുറവുള്ള സാഹചര്യത്തിൽ ഇതുവഴിയെത്തുന്ന ഇരുചക്രവാഹന യാത്രക്കാർക്ക് റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന ഈറ്റകൾ പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയായിരുന്നു.
ഈറ്റക്കമ്പുകൾ ശരീരത്തിൽ തട്ടി ഗുരുതരമായി പരിക്കേൽക്കാനുള്ള സാധ്യതയും നിലനിന്നിരുന്നു.ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായ ഈ സാഹചര്യം ഓപ്പൺസോൺ വാർത്തയിലൂടെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതിനു പിന്നാലെ ജില്ലാ ഭരണകൂടം ഇടപെടുകയും നാഷണൽ ഹൈവേ വിഭാഗം അടിയന്തര നടപടി സ്വീകരിക്കുകയും ചെയ്തു. റോഡിലെ അപകടഭീഷണി ഒഴിവാക്കാൻ സമയബന്ധിതമായി നടപടി സ്വീകരിച്ചതോടെ ഇതുവഴിയുള്ള യാത്രക്കാർക്ക് ആശ്വാസമായി.

